Powered By Blogger

Monday 3 November 2014



പാണ്ഡവം ധര്‍മ്മ ശാസ്താ ക്ഷേത്രം 
PANDAVAM  DHARMASASTHA TEMPLE 
AYMANAM, KOTTAYAM,KERALA




പൂര്‍ണ്ണ പുഷ്കല  എന്നീ പത്നി മാരോട് കൂടി ഒരേ പീഠത്തില്‍ പ്രതിഷ്ഠയുള്ള 
മധ്യതിരുവിതാംകൂറിലെ ഏക ശാസ്താ ക്ഷേത്രമാണ് പാണ്ഡവം ധര്‍മ്മ ശാസ്താ ക്ഷേത്രം .കോട്ടയം ജില്ലയില്‍ അയ്മനം ഗ്രാമത്തിന്‍റെ പ്രവേശന കവാടമായ കുടയംപടിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.പാണ്ഡവര്‍ വനവാസകാലത്ത് ഈ ദേശത്ത് വരികയും ദോഷനിവാരണത്തിനായീ ശാസ്താവിനെ പ്രതിഷ്ഠിച്ചുവെന്നും  അതിനാല്‍ ഈ ദേശത്തിനു പാണ്ഡവം എന്ന പേര് വന്നുവെന്നും ഐതീഹ്യം  .                                                                           


കുടുംബദോഷ നിവാരണത്തിനും മംഗല്യ ഭാഗ്യത്തിനും ദൂരദേശങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍  ഈ ക്ഷേത്രത്തില്‍ എത്തുന്നു . അയ്യപ്പ ഭക്തനായ ഒരു തെക്കുംകൂര്‍ തമ്പുരാന്‍ ആണ് ഈ രീതിയില്‍ ക്ഷേത്രം പുതുക്കി പണിയിപ്പിച്ചത്  എന്ന് കരുതപ്പെടുന്നത് . ഈ ക്ഷേത്രത്തിലെ ചുവര്‍ ചിത്രങ്ങളും കല്‍മണ്ഡപവും ചരിത്രാന്വേഷികള്‍ക്ക് പോലും അത്ഭുതം ഉളവാക്കുന്നതാണ് .

തിരുവിതാംകൂര്‍ രാജാവായ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മരാജായുടെ കാലത്ത് അദ്ദേഹം നാടുനീങ്ങുന്നതിനു 4 വര്ഷം മുന്‍പാണ്  ഈ ക്ഷേത്രത്തിലെ ചുവര്‍ ചിത്രങ്ങള്‍ പൂര്‍ത്തിയായത് .                                                                                                                 









ദീര്‍ഘചതുരാകൃതിയിലുള്ള ശ്രീ കോവിലിന്‍റെ പടിഞ്ഞാറേ ഭിത്തിയില്‍ വടക്ക് ഭാഗത്തായീ പഴയ മലയാളം ലിപിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം കൊല്ലവര്‍ഷം 969(൯൬൯) ഈ ക്ഷേത്രത്തില്‍ ചുവര്‍ ചിത്ര രചന നടന്നു എന്ന് മനസ്സിലാക്കാം .ഇതുപ്രകാരം ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം (2014) 211 വര്‍ഷങ്ങള്‍ പൂര്‍ത്തിയായീ.                                                                                                                               








പുണ്ഡരീകപുരം ക്ഷേത്രം

PUNDAREEKAPURAM TEMPLE
THALAYOLAPPARAMBU, KOTTAYAM, KERALA



നൂറ്റാണ്ടുകൾ പഴക്കമുള്ള ചുവർചിത്രങ്ങൾക്ക്  പേരുകേട്ട അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ഈമഹാവിഷ്ണു ക്ഷേത്രം. പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലുള്ള ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ നാല് ചുവരുകളിലായി പതിമൂന്ന് ഭാഗങ്ങളായി പുരാണകഥകളുടേയും മറ്റും ചിത്രീകരണം കാണാം. കേരളത്തിലെ കോട്ടയംജില്ലയില്‍ തലയോലപ്പറമ്പില്‍  മിടായികുന്നം എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വേലിമാംകോവിൽ ഇല്ലത്ത് നാരായണൻ നമ്പൂതിരിക്കാണ് ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം.



ഒരിക്കൽ അത്താഴപൂജ സമയത്ത് ബ്രാഹ്മണരായ മൂന്ന് പരദേശികൾ ഇവിടെയെത്തിയെന്നും, ആ രാത്രി ക്ഷേത്രത്തിൽ തങ്ങാൻ പൂജാരിയോട് അനുവാദം ചോദിച്ചെന്നും അങ്ങനെ ക്ഷേത്ര ബലിപ്പുരയിൽ ഉറങ്ങാൻകിടന്ന ഇവരെ പിറ്റേന്ന് കണ്ടില്ലെന്നും, പകരം ചുവരിൽ ഈ ചിത്രങ്ങളാണ് കാണാനായതെന്നുമാണ് ഐതിഹ്യം.




ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ഗരുഡന്റെ കഴുത്തിൽ മഹാവിഷ്ണു, ഇടത്തേതുടയിൽ സത്യഭാമ മുതൽ ശക്തി പഞ്ചാക്ഷരി, മഹിഷാസുരമർദ്ദിനി, യക്ഷി, ശ്രീകൃഷ്ണലീല, ശ്രീരാമ പട്ടാഭിഷേകം, ശങ്കരനാരായണൻ, കാളിയമർദ്ദനം, ദക്ഷിണാമൂർത്തി, അർദ്ധനാരീശ്വരൻ, ഗണപതിപൂജ ഇവയാണ് ചുവരുകളിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളത്.
ക്ഷേത്രത്തിലെ ബലിക്കൽപ്പുരയിലെ ശിലാവിഗ്രഹങ്ങൾ കുഞ്ചൻനമ്പ്യാരുടെ കൃഷ്ണാർജ്ജുനവിജയം കഥയെ ആസ്പദമാക്കിയുള്ളതാണ്.






ചുറ്റുപാടുകളിൽ നിന്നും വളരെ ഉയർന്ന് സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലേക്ക് വയലുകൾക്കിടയിലൂടെ കരിങ്കൽപ്പടവുകൾ താണ്ടിവേണം ഈ ക്ഷേത്രാങ്കണത്തിലെത്താൻ.
സർപ്പദോഷമകറ്റാൻ ഗരുഡന്റെ രൂപങ്ങൾ വെങ്കലത്തിൽ നിർമ്മിച്ച് ശ്രീകോവിലിന്റെ വാവടയിൽ തൂക്കുന്നത് ഇവിടത്തെ ഒരു വിശ്വാസമാണ്. പുരാവസ്തുവകുപ്പ് സാമാന്യം വലിപ്പമുള്ള ഒരു ഗരുഡസ്വരൂപം ഇവിടെനിന്നുമെടുത്ത് തൃപ്പൂണിത്തുറഹില്‍പാലസില്‍ പ്രദർശിപ്പിച്ചിട്ടുണ്ട്.ജീർണ്ണമായ ക്ഷേത്രവും ചുവർചിത്രങ്ങളും തനിമ നിലനിർത്തിക്കൊണ്ട് പുരാവസ്തുവകുപ്പ് അടുത്ത കാലത്ത് മോടിപിടിപ്പിച്ചിരുന്നു.








SreeKrishnapuram , Cherppulassery , Palakkad ,Kerala 



വളുവനാട്ടിലെ അതിപുരാതന വിഷ്ണു ക്ഷേത്രങ്ങളില്‍ ഒന്നാണ് ശ്രീ പെരുമാങ്ങോട് വിഷ്ണു ക്ഷേത്രം. ശരണാര്‍ത്ഥികള്‍ക്ക് ആശ്രയവും അഭീഷ്ടസിദ്ധിയരുളുന്നതുമായ ശ്രീ പെരുമാങ്ങോട്ടപ്പന്‍ ഈ നാടിന്റെ ചൈതന്യവും ഐശ്വര്യവുമായി പരിലസിക്കുന്നു                                                                                          

. വൈദിക താന്ത്രിക കര്‍മ്മങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുള്ള കേരളത്തിലെ അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണുഇത്. ഇതൊരു ഓത്തമ്പലമാണ്. വേദ പഠനം മുറജപം ത്രിസന്ധ എന്നിവ എല്ലാം നടത്തിയിരുന്ന ഈ ക്ഷേത്രത്തിനു 1650ല്‍ പരം വര്‍ഷത്തെ പഴക്കം കണക്കാക്കപ്പെടുന്നു. ദേവനെ പുറത്തേക്ക് എഴുന്നള്ളിക്കലോ ഉത്സവമോ പതിവില്ലാത്ത ഇവിടെ അന്നദാനപ്രഭുവായ സാക്ഷാല്‍ മഹാവിഷ്ണു വാമന രൂപത്തില്‍ വാണരുളുന്നു.                                                                                                                                                                     തുലാമാസത്തിലെ തിരുവോണം മകരമാസത്തിലെ രോഹിണിനാളില്‍ പ്രതിഷ്ഠാദിനം വ്രുശ്ചിക മാസത്തില്‍ 15 ദിവസം നവകം പഞ്ചഗവ്യം, തുടര്‍ന്ന് പതിനാറാം ദിവസം കളഭാഭിഷേകം , ധനു മാസത്തിലെ മുപ്പട്ടു വ്യാഴാഴ്ച , ശാസ്താവിന്റെ പ്രതിഷ്ഠാദിനം എന്നിവ ഇവിടെ പ്രധാനം ആണ്. തിരുവോണം രോഹിണി നാളുകളില്‍ വാരം കഴിക്കുന്നത് അഭീഷ്ട സിദ്ധിക്ക് നല്ലതാണ്. 


                                                                             




പാലക്കാട് ജില്ലയുടെ കലാഗ്രാമങ്ങളില്‍ ഒന്നായി വീശേഷിപ്പിക്കപ്പെടാവുന്ന ശ്രീക്രിഷ്ണപുരത്തിന്റെ സാംസ്കാരിക പ്രവര്‍ത്തങ്ങളുടെ ചിത്രത്തില്‍ ഈ പെരുമാങ്ങോട് വിഷ്ണുക്ഷേത്രത്തിന്റെ പേരും തിളക്കത്തോടെ നിലനില്ക്കുന്നു. കഥകളി രംഗത്തെ ആചാര്യന്മാര്‍ക്കെല്ലാം തന്നെ ആതിഥ്യമരുളിക്കൊണ്ട് പതിറ്റാണ്ടുകളായി നടത്തി വരുന്ന കഥകളി ( ധനുമാസത്തിലെ  മുപ്പട്ടു വ്യാഴാഴ്ച )  കഥകളി ലോകത്തില്‍ തന്നെ അപൂര്‍വമായ ഒരു അരങ്ങായി വിശേഷിപ്പിക്കപ്പെടുന്നു. ഭരതനാട്യം മോഹിനിയാട്ടം , സംഗീതോത്സവം, പ്രശസ്ത കലാകാരന്മാര്‍ പങ്കെടുക്കുന്ന സംഗീത കച്ചേരി ,തുടങ്ങിയ കലാപ്രവര്‍ത്തനങ്ങള്‍ക്ക് വേദി ഒരുക്കി കൊണ്ട് ക്ഷേത്രം നാടിന്റെ സാസ്കാരിക കേന്ദ്രമായി നിലകൊള്ളുന്നു. മലബാര്‍ ദേവസ്വം ബോറ്ഡിനു കീഴില്‍ വരുന്നു  ഈ ക്ഷേത്രം.  ക്ഷേത്രം ട്രസ്റ്റി ബോറ്ഡിനൊപ്പം സജീവമായി നിലകൊള്ളുന്ന ക്ഷേത്രക്ഷേമ സമിതിയും ക്ഷേത്രത്തിന്റെ പുരോഗമനപ്രവര്‍ത്തങ്ങള്‍ക്ക് നേത്രുത്വം നല്‍കി വരുന്നു. ഭക്തജനങ്ങളുടെ നിര്‍ലോഭമായ സഹകരണം തന്നെ ആണു  നവീകരണപ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേത്രകാര്യങ്ങളിലും അനുബന്ധപ്രവര്‍ത്തനങ്ങളിലും ഈ ക്ഷേത്രതിന്റെ വളര്‍ച്ചയ്ക്ക് എന്നും തുണയേകുന്നത്. ക്ഷേത്രകാര്യങ്ങളുടെ സുഗമമായ പ്രവര്‍ത്തത്തിനായി ഒരു മഹിളാസമിതി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നു.