Powered By Blogger

Monday 3 November 2014








പുണ്ഡരീകപുരം ക്ഷേത്രം

PUNDAREEKAPURAM TEMPLE
THALAYOLAPPARAMBU, KOTTAYAM, KERALA



നൂറ്റാണ്ടുകൾ പഴക്കമുള്ള ചുവർചിത്രങ്ങൾക്ക്  പേരുകേട്ട അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ഈമഹാവിഷ്ണു ക്ഷേത്രം. പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലുള്ള ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ നാല് ചുവരുകളിലായി പതിമൂന്ന് ഭാഗങ്ങളായി പുരാണകഥകളുടേയും മറ്റും ചിത്രീകരണം കാണാം. കേരളത്തിലെ കോട്ടയംജില്ലയില്‍ തലയോലപ്പറമ്പില്‍  മിടായികുന്നം എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വേലിമാംകോവിൽ ഇല്ലത്ത് നാരായണൻ നമ്പൂതിരിക്കാണ് ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം.



ഒരിക്കൽ അത്താഴപൂജ സമയത്ത് ബ്രാഹ്മണരായ മൂന്ന് പരദേശികൾ ഇവിടെയെത്തിയെന്നും, ആ രാത്രി ക്ഷേത്രത്തിൽ തങ്ങാൻ പൂജാരിയോട് അനുവാദം ചോദിച്ചെന്നും അങ്ങനെ ക്ഷേത്ര ബലിപ്പുരയിൽ ഉറങ്ങാൻകിടന്ന ഇവരെ പിറ്റേന്ന് കണ്ടില്ലെന്നും, പകരം ചുവരിൽ ഈ ചിത്രങ്ങളാണ് കാണാനായതെന്നുമാണ് ഐതിഹ്യം.




ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ഗരുഡന്റെ കഴുത്തിൽ മഹാവിഷ്ണു, ഇടത്തേതുടയിൽ സത്യഭാമ മുതൽ ശക്തി പഞ്ചാക്ഷരി, മഹിഷാസുരമർദ്ദിനി, യക്ഷി, ശ്രീകൃഷ്ണലീല, ശ്രീരാമ പട്ടാഭിഷേകം, ശങ്കരനാരായണൻ, കാളിയമർദ്ദനം, ദക്ഷിണാമൂർത്തി, അർദ്ധനാരീശ്വരൻ, ഗണപതിപൂജ ഇവയാണ് ചുവരുകളിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളത്.
ക്ഷേത്രത്തിലെ ബലിക്കൽപ്പുരയിലെ ശിലാവിഗ്രഹങ്ങൾ കുഞ്ചൻനമ്പ്യാരുടെ കൃഷ്ണാർജ്ജുനവിജയം കഥയെ ആസ്പദമാക്കിയുള്ളതാണ്.






ചുറ്റുപാടുകളിൽ നിന്നും വളരെ ഉയർന്ന് സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലേക്ക് വയലുകൾക്കിടയിലൂടെ കരിങ്കൽപ്പടവുകൾ താണ്ടിവേണം ഈ ക്ഷേത്രാങ്കണത്തിലെത്താൻ.
സർപ്പദോഷമകറ്റാൻ ഗരുഡന്റെ രൂപങ്ങൾ വെങ്കലത്തിൽ നിർമ്മിച്ച് ശ്രീകോവിലിന്റെ വാവടയിൽ തൂക്കുന്നത് ഇവിടത്തെ ഒരു വിശ്വാസമാണ്. പുരാവസ്തുവകുപ്പ് സാമാന്യം വലിപ്പമുള്ള ഒരു ഗരുഡസ്വരൂപം ഇവിടെനിന്നുമെടുത്ത് തൃപ്പൂണിത്തുറഹില്‍പാലസില്‍ പ്രദർശിപ്പിച്ചിട്ടുണ്ട്.ജീർണ്ണമായ ക്ഷേത്രവും ചുവർചിത്രങ്ങളും തനിമ നിലനിർത്തിക്കൊണ്ട് പുരാവസ്തുവകുപ്പ് അടുത്ത കാലത്ത് മോടിപിടിപ്പിച്ചിരുന്നു.

No comments:

Post a Comment