Powered By Blogger

Sunday 16 November 2014


SREERANGAPATTANAM, NR.MYSORE,KARNATAKA



കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ചരിത്രപരമായും സാംസ്‌കാരികപരമായും വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് ശ്രീരംഗപട്ടണം. കാവേരി നദിയുടെ രണ്ട് ശാഖകള്‍ക്കിടയിലാണ് 13 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണത്തിലായി ശ്രീരംഗപട്ടണം സ്ഥിതിചെയ്യുന്നത്. കര്‍ണാടക സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ ഒന്നായ മൈസൂരിന്റെ തൊട്ടടുത്തായാണ് ശ്രീരംഗപട്ടണത്തിന്റെ കിടപ്പ്.




ചരിത്രപരമായും സാംസ്‌കാരികപരമായും വളരെ പ്രധാന്യമുള്ള ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ശ്രീരംഗപട്ടണം. രംഗനാഥസ്വാമി ക്ഷേത്രത്തില്‍ നിന്നാണ് ഈ നഗരത്തിന് പേര് ലഭിച്ചത് എന്നാണ് കരുതപ്പെടുന്നത്. ഹൊയ്‌സാല - വിജയനഗര ശില്‍പനിര്‍മാണ ചാതുര്യത്തിന്റെ മകുടോദാഹരണമായ ഈ മനോഹര ക്ഷേത്രം ഒമ്പതാം നൂറ്റാണ്ടിലാണ് നിര്‍മിച്ചത്.
സുല്‍ത്താന്‍ ഹൈദരലിയുടെയും മകന്‍ ടിപ്പുവിന്റെയും കാലത്ത് മൈസൂരിന്റെ തലസ്ഥാനമായി മാറിയതോടെയാണ് ശ്രീരംഗപട്ടണം പ്രശസ്തമാകുന്നത്. ടിപ്പു സുല്‍ത്താന്റെ കാലത്തു മൈസൂര്‍ രാജ്യത്തിന്റെ ആധിപത്യം തെക്കേ ഇന്ത്യ മുഴുവനും വ്യാപിക്കുകയും സ്വാഭാവികമായും ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒന്നായി ശ്രീരംഗപട്ടണം മാറുകയുമാണ് ഉണ്ടായത്. ടിപ്പു സുല്‍ത്താന്റെ കൊട്ടാരങ്ങളും കോട്ടകളും  ചരിത്രസ്മാരകങ്ങളും ഈ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടവയാണ്. ദാരിയ ദൗലത്ത്, ജുമാ മസ്ജിദ് തുടങ്ങിയവയാണ് അവയില്‍ ഇന്തോ - മുസ്ലിം നിര്‍മാണ വൈദഗ്ധ്യത്തിന്റെ കഥ പറയുന്ന ചിലത്.
പ്രകൃതി ദൃശ്യങ്ങള്‍ക്ക് പേരുകേട്ട വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് ശ്രീരംഗപട്ടണം. ഇന്ത്യയിലെ പ്രധാന  വെള്ളച്ചാട്ടങ്ങളിലൊന്നായ ശിവാന സമുദ്രം ,സംഗമം തുടങ്ങിയവയും കാവേരി, കബിനി, ഹേമാവതി എന്നിവയും ശ്രീരംഗപട്ടണത്തിന് മോടികൂട്ടുന്ന ഘടകങ്ങളാണ്. ബാംഗ്ലൂരില്‍നിന്നും 127 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ശ്രീരംഗപട്ടണത്ത് എത്താം. മൈസൂരില്‍ നിന്ന് 19 കിലോമീറ്റര്‍ ദൂരമേയുള്ളു ഇവിടേക്ക്.



പഞ്ചരംഗ ക്ഷേത്രങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് ശ്രീരംഗപട്ടണയിലെ ശ്രീരംഗനാഥ ക്ഷേത്രം. കരിങ്കല്ലില്‍ തീര്‍ക്കപ്പെട്ടതാണ് ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിലെ മഹാവിഷ്ണുവിന്റെ പ്രതിഷ്ട. ശ്രീ രംഗനാഥസ്വാമിയായി അനന്തശായീ രൂപത്തില്‍ മന്ദഹസിച്ചുകൊണ്ട് മഹാവിഷ്ണു ഇവിടെ നിലകൊള്ളുന്നത്. ക്ഷേത്രത്തിന് ചുറ്റുമുള്ള 24 തൂണുകളിലായി മഹാവിഷ്ണുവിന്റെ 24 രൂപങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു. 



ശ്രീനിവാസന്റെയും പഞ്ചമുഖ ആഞ്ജനേയന്റെയും ചിത്രങ്ങള്‍ ക്ഷേത്രത്തിന്റെ ഉള്‍ച്ചുമരുകളിലായി ചിത്രീകരിച്ചിരിക്കുന്നതായും കാണാം. കര്‍ണാടകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ക്ഷേത്രമായാണ് ശ്രീ രംഗനാഥ സ്വാമി ക്ഷേത്രം കണക്കാക്കപ്പെടുന്നത്.


ലക്ഷദീപോത്സവ എന്ന് വിളിക്കപ്പെടുന്ന സംക്രാന്തിനാളിലെ പ്രധാന ഉത്സവത്തിനാണ് രംഗനാഥ സ്വാമിയെ കാണാന്‍ ഭക്തര്‍ ഏറ്റവും കൂടുതല്‍ എത്തിച്ചേരാറുളളത്. വര്‍ഷം മുഴുവനും ഇവിടെ സന്ദര്‍ശനം സാധ്യമാണ്. രാവിലെ എട്ട് മുതല്‍ ഒമ്പതര വരെയും വൈകുന്നേരം ഏഴ് മുതല്‍ എട്ടുമണിവരെയുമാണ് പൂജാസമയങ്ങള്‍.