Powered By Blogger

Sunday 2 November 2014


മലയന്‍ കീഴ്   ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം
 MALAYANKEEZH SREE KRISHNASWAMY TEMPLE 
MALAYANKEEZH , THIRUVANANTHAPURAM, KERALA



തിരുവനന്തപുരം നഗരത്തില്‍ നിന്നും ഏകദേശം 12 കിലോമീറ്റര്‍ കിഴക്ക് മാറി തിരുവനന്തപുരം-കാട്ടാക്കട റൂട്ടില്‍, മാങ്കുന്നുമല, എള്ളുമല എന്നിങ്ങനെ വിളിക്കപ്പെടുന്ന രണ്ട് കുന്നുകളുടെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന മലയിന്‍കീഴ് ജംഗ്ഷന് സമീപമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നെയ്യാറ്റിന്‍കര ഗ്രൂപ്പില്‍ ഉള്‍പ്പെട്ട മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രാചീന ചരിത്രരേഖകളില്‍ മലയിന്‍കീഴിനെ മലൈയിന്‍കീഴ്, ഗിരികീഴ് മാളയിക്കില്‍, ഗിരിമൂലപുരി തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന നാമങ്ങളാലും ക്ഷേത്രധ്വജത്തില്‍ ഗിരിമൂലം എന്നും പരാമര്‍ശിച്ചു കാണുന്നു.






   ചരിത്രം


മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു ശ്രീപത്മനാഭ സ്വാമിക്ഷേത്ര ത്തോളം പഴക്കമുണ്ടെന്നാണ് യശ:ശരീരനായ പണ്ഡിതവര്യന്‍ ശൂരനാട് കുഞ്ഞന്‍പിള്ള അഭിപ്രായപ്പെട്ടിട്ടുള്ളത്.  ഇത് ഒട്ടും അതിശയോക്തിയല്ലെന്നാണു ചരിത്രരേഖകള്‍ വെളിപ്പെടുത്തുന്നത്. തിരുവല്ല വിഷ്ണുക്ഷേത്രവുമായി ബന്ധപ്പെട്ട പട്ടയത്തില്‍ മലയിന്‍കീഴിനെപ്പറ്റി പരാമര്‍ശം ഉണ്ട്.  ഈ പട്ടയത്തിന്‍റെ കാലം പതിനൊന്നാം നൂറ്റാണ്ടിന്‍റെ  ഉത്തരാര്‍ദ്ധമെന്നു കരുതുന്നു.  ചെമ്പുതകിടിലാണ് ഈ രേഖ ആലേഖനം ചെയ്തിട്ടുള്ളത്.  പതിനെട്ട് ഇഞ്ച് നീളവും മുന്നേമുക്കാല്‍ ഇഞ്ച് വീതിയുമുള്ള ഇതിലെ ഭാഷ പ്രാചീനമലയാളവും ലിപി വട്ടെഴുത്തുമാണെന്ന് ഇതെപ്പറ്റി ഗവേഷണം നടത്തിയിട്ടുള്ള തിരുവല്ല പി. ഉണ്ണിക്കൃഷ്ണന്‍ നായര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  അതില്‍ മലയിന്‍കീഴ് (മലയുടെ കീഴ്) “മലൈയില്‍ക്കീഴ്” ആണ്.  തിരുവല്ലാ ക്ഷേത്രത്തിലേക്കു ലഭിക്കേണ്ട ദാനങ്ങള്‍, വസ്തുക്കള്‍, ജന്മികുടിയാന്‍ബന്ധം, വ്യവസ്ഥകള്‍, ഇവയെല്ലാം ചെപ്പേടില്‍ ഉണ്ട്.  എന്നാല്‍ ചേപ്പേടുകള്‍ പലതും നഷ്ടപ്പെട്ടതിനാല്‍, അതില്‍ ക്ഷേത്രത്തെപ്പറ്റി വിവരം ഇല്ല.  അതേസമയം ഒരു തകിടിന്‍റെ  വശത്ത് മലയിന്‍കീഴിനെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്.  മലയിന്‍കീഴ് നിന്നു കിട്ടേണ്ട പാട്ട നെല്ലിന്‍റെ കണക്കാണ് പ്രധാനം.  ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്, തിരുവല്ല വിഷ്ണുക്ഷേത്രത്തിന് ഉണ്ടായിരുന്ന കീഴൂട്ട് ക്ഷേത്രങ്ങളില്‍ ഒന്നായിരുന്നു മലയിന്‍കീഴ് ക്ഷേത്രവും. തിരുവല്ല പത്തില്ലത്തില്‍ പോറ്റിമാരുടെ ഊരാണ്മക്കാരില്‍പ്പെട്ടവര്‍ക്കായിരുന്നു മലയിന്‍കീഴ് ഭാഗത്തെ വസ്തുക്കളുടെ  സിംഹഭാഗവും.  തിരുവല്ല പത്തില്ലക്കാരില്‍ പ്രധാനിയായ പെരിങ്ങര മൂവിടത്തു മേച്ചേരി ഇല്ലം വക ഒരു മഠവും മലയിന്‍കീഴ് ഉണ്ടായിരുന്നു.  മലയിന്‍കീഴ് ക്ഷേത്രത്തിന്‍റെ  തെക്കുകിഴക്കായി ക്ഷേത്രസങ്കേത അതിരായി വയലരികത്ത് വഴിയുടെ കിഴക്കുഭാഗത്തായിരുന്നു ഈ മഠം.

            കൊല്ലവര്‍ഷം ആരംഭിച്ചത് എ.ഡി. 824 ആണെന്നാണ് ചരിത്രകാരന്മാര്‍ സിദ്ധാന്തിച്ചിട്ടുള്ളത് . അതിനു മുന്‍പു തന്നെ തിരുവല്ല ഗ്രാമത്തിലെ നമ്പൂതിരിമാര്‍ മലയിന്‍കീഴ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കുടിയേറിപ്പാര്‍ത്തിരുന്നുവെന്നും  രണ്ടു ക്ഷേത്രങ്ങള്‍ തമ്മിലുള്ള ബന്ധമായിരുന്നു അതിനു കാരണമെന്നും ഊഹിക്കേണ്ടിയിരിക്കുന്നു. തിരുവല്ല ക്ഷേത്രത്തെ പോലെ അക്കാലത്ത് പ്രസിദ്ധമായിരിക്കാം മലയിന്‍കീഴ് ക്ഷേത്രവും.  ഇവിടത്തെ പ്രതിഷ്ഠകള്‍ തമ്മിലും ബന്ധം ഉണ്ടെന്ന് ഐതിഹ്യങ്ങള്‍ പറയുന്നു.  ഐതിഹ്യങ്ങളില്‍ ഒന്ന് ഇതാണ്: വിഷ്ണുഭക്തനായ വില്വമംഗലത്ത് സ്വാമിയാര്‍ക്ക് ശ്രീകൃഷ്ണ ദര്‍ശനം ലഭിച്ചു. ദ്വാരകയില്‍ സാത്യകി പൂജിച്ചിരുന്ന ശ്രീകൃഷ്ണവിഗ്രഹം ജലത്തില്‍ മുങ്ങിക്കിടക്കുന്നുണ്ടെന്നും അത് എടുത്ത് യഥാവിധി പ്രതിഷ്ഠിക്കണമെന്നും സ്വാമിയാരോട് കൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. അടുത്ത ദിവസം സ്വാമിയാര്‍ കുളിക്കാന്‍ നദിയില്‍ മുങ്ങിയപ്പോള്‍ തന്‍റെ ശിരസ്സ് ഏതോ വിഗ്രഹത്തില്‍ തട്ടിയതായി തോന്നി.  അദ്ദേഹം അതെടുത്തു പുറത്തു കൊണ്ടു വന്നപ്പോള്‍ മനോഹരമായ വിഗ്രഹ മാണെന്നു മനസ്സിലായി.  സ്വാമിയാര്‍ അതിനെ പ്രതിഷ്ഠിക്കാന്‍ തിരുവല്ലയില്‍ ക്ഷേത്രം പണിയിച്ചു.  പ്രതിഷ്ഠാദിനം എത്തിയപ്പോള്‍ സ്വാമിയാര്‍ ഒരു സ്വപ്നം കണ്ടു.  വിഗ്രഹം മലയിന്‍കീഴ് എന്ന സ്ഥലത്ത് പ്രതിഷ്ഠിക്കാനായിരുന്നു സ്വപ്നത്തിലെ നിര്‍ദ്ദേശം.  അങ്ങനെയാണ് വിഗ്രഹം മലയിന്‍കീഴ് പ്രതിഷ്ഠിച്ചത്.  തിരുവല്ല ക്ഷേത്രത്തിലെ വിഗ്രഹത്തെപ്പറ്റി ധാരാളം ഐതിഹ്യങ്ങള്‍ ഉണ്ട്.  മലയിന്‍കീഴ് ക്ഷേത്ര പ്രതിഷ്ഠയെ ”തിരുവല്ലാഴപ്പന്‍” എന്ന് ഇപ്പോഴും ആളുകള്‍ വിളിക്കുന്നത് രണ്ടു ക്ഷേത്രങ്ങള്‍ക്കും നൂറ്റാണ്ട് മുമ്പുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു.







ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും മലയിന്‍കീഴും

                   അനന്തന്‍ കാട് അന്വേഷിച്ച് നടന്ന വില്വമംഗലം സ്വാമിയാറു (തുളുനാട്ടിലെ ദിവാകര മുനിയെപ്പറ്റിയും ഇതേ കഥയുണ്ട്) മായി ബന്ധപ്പെടുത്തിയാണ് ഇന്ന് വിശ്വപ്രസിദ്ധമായി മാറിയ തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ഐതിഹ്യം നീളുന്നത്. ശ്രീപത്മനാഭസ്വാമി പാലാഴിയില്‍ അനന്തന്‍ എന്ന സര്‍പ്പത്തില്‍ പള്ളികൊള്ളുന്നു ”അനന്തശയനം” ആണ് ഇവിടത്തെ പ്രതിഷ്ഠ.  അതില്‍ നിന്നാണു നഗരത്തിന്‍റെ പേരുണ്ടായത്. അനന്ത (അനന്തന്‍റെ പേര്) + പുരം (‘നഗരം’  എന്നതിനോടു ബഹുമാന സൂചകമായി ‘തിരു’ കൂടി ചേര്‍ത്താണ് തിരുവനന്തപുരം ഉണ്ടായതെന്നാണു ചരിത്രകാരന്മാരുടെ അഭിപ്രായം. ഇതിന് എതിരഭിപ്രായവും ഉണ്ട്.  തര്‍ക്കം എന്തായാലും തിരുവനന്തപുരം എന്നപേര് ആദ്യ കാല സാഹിത്യകൃതികളിലോ മതിലകം രേഖകളിലോ കാണുന്നില്ല.  ശ്രീപത്മനാഭ സ്വാമിക്ഷേത്രം സംബന്ധിച്ച രേഖകള്‍ ആണ് മതിലകം രേഖകള്‍.  പനയോലയില്‍ നാരായം കൊണ്ട് എഴുതിയ മതിലകം രേഖകളില്‍ എ.ഡി. 1303 മുതലുള്ള സംഭവങ്ങള്‍ കാണുന്നുണ്ട്. എന്നാല്‍ അതിലെല്ലാം ‘തിരുവനന്തപുരം’ എന്നതിനു പകരം ‘തിരുവാനന്തപുരം’ എന്നാണ് കാണുന്നത്. എ.ഡി. ഒന്‍പതാം നൂറ്റാണ്ടില്‍ വൈഷ്ണവ കവി നമ്മാള്‍വാര്‍ ആണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ച് ആദ്യമായി പാടിയത്. അദ്ദേഹത്തിന്റെ കവിതയിലും ‘തിരുവനന്തപുരം’ എന്ന വാക്കില്ല.   പതിമുന്നാം നൂറ്റാണ്ടിന്‍റെ അവസാനമോ പതിനാലാം നൂറ്റാണ്ടിന്‍റെ ആദ്യമോ എഴുതിയ ”അനന്തപുരവര്‍ണ്ണനം” എന്ന സാഹിത്യകൃതിയിലും നഗരത്തെപ്പറ്റി വിശദമായി വിവരിക്കുന്നുണ്ടെങ്കിലും ‘തിരുവനന്തപുരം’ എന്ന പേരില്ല.  എന്നാല്‍ പതിനൊന്നാം നൂറ്റാണ്ടിലെ തിരുവല്ല ശാസനത്തില്‍ മലയിന്‍കീഴിന്റെ പേരുണ്ട്.  ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തെക്കുറിച്ച് പറയുന്ന പൗരാണികവും ചരിത്രപരവുമായ കൃതിയാണ് ‘സ്യാനന്ദൂര പുരാണ സമുച്ചയം’.  എ.ഡി 1167-ല്‍ രചിച്ചതായി കരുതുന്ന് ഈ സംസ്‌കൃതകൃതിയില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ  സ്ഥാനം വിവരിക്കുന്നുണ്ട്. മലയപര്‍വ്വതത്തിനു തെക്കും പൈതാമഹകുണ്ഡത്തിന്റെ പടിഞ്ഞാറും സമുദ്രങ്ങള്‍ക്ക് കിഴക്കും ആയി സ്ഥിതിചെയ്യുന്ന രാജ്യം ശ്രീ പത്മനാഭന്‍റെ താണെന്ന് പറയുന്നു. ഇതില്‍ മലയ പര്‍വ്വതം മലയിന്‍കീഴ് ആണെന്നാന്ന് വ്യാഖ്യാതാക്കള്‍ പറയുന്നത്.  മൂക്കുന്നിമലയ്ക്കു സമീപത്തുള്ള ഈ സ്ഥലം അന്നേ പ്രസിദ്ധമായിരുന്നുവെന്നും അതിനു കാരണം ഇവിടുത്തെ ക്ഷേത്രമാണെന്നും ഊഹിക്കേണ്ടിയിരിക്കുന്നു.


മലയിന്‍കീഴും ഗുരുവായൂരും

                         പലമഹാക്ഷേത്രങ്ങളിലും വിഷ്ണുഭഗവാനെ ശ്രീകൃഷ്ണനായി സങ്കല്പിച്ചാണ് ആരാധന നടത്തുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെയും മലയന്‍കീഴ് ക്ഷേത്രത്തിന്റെയും സ്ഥിതി അതു തന്നെ.  മലയിന്‍കീഴിനെയും ഗുരുവായൂരിനെയും ഘടിപ്പിക്കുന്ന ചില വസ്തുതകളുണ്ട്. ഭാരതയുദ്ധത്തിനു ശേഷം പുരാണരേഖകള്‍ പ്രകാരം ലോകത്തിനു കിട്ടിയ രണ്ട് സംഭാവനകളാണ് ഗുരുവായൂര്‍ക്ഷേത്രവിഗ്രഹവും, ഭഗവദ്ഗീതയും. തന്‍റെ കുടുംബം പരമ്പരാഗതമായി പൂജിച്ചിരുന്ന വിഗ്രഹത്തിന് ഉണ്ടാകാന്‍ പോകുന്ന കാര്യം ശ്രീകൃഷ്ണന്‍ മുന്‍കൂട്ടി കണ്ടു.  അദ്ദേഹം ദേവഗുരു ബൃഹസ്പതിയോടു കാര്യം പറഞ്ഞു. തന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം ദ്വാരക കടലെടുക്കുമെന്നും അപ്പോള്‍ താന്‍ പൂജിച്ചിരുന്ന വിഗ്രഹം കടലില്‍ ഒഴുകിപോകാതെ ഭദ്രമായി എടുത്ത് ഉചിതമായ സ്ഥലത്ത് പ്രതിഷ്ഠിക്കണമെന്നും വരാന്‍ പോകുന്ന കലിയുഗത്തില്‍ അത് ഭക്തന്മാര്‍ക്ക് അനുഗ്രഹമായി മാറുമെന്നും കൃഷ്ണന്‍ പറഞ്ഞു. വായു ഭഗവാന്‍റെ സഹായം കൂടി ഇതിന് അഭ്യര്‍ത്ഥിക്കണമെന്ന് കൃഷ്ണന്‍ നിര്‍ദ്ദേശിച്ചു.  കൃഷ്ണന്‍ പറഞ്ഞതുപോലെ തന്നെ ഭാരതയുദ്ധത്തിനു ശേഷം ദ്വാരക കടലെടുത്തു. അപ്പോഴാണ് കൃഷ്ണന്‍റെ വിഗ്രഹം കടലിലൂടെ ഒഴുകുന്നത് ബൃഹസ്പതി കണ്ടത്. അദ്ദേഹത്തിന് ഒറ്റയ്ക്ക് അത് എടുക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് കൃഷ്ണന്‍ നിര്‍ദ്ദേശിച്ചതുപോലെ വായുഭഗവാന്‍റെ സഹായം തേടി.  ദേവഗുരുവും വായുഭഗവാനും ചേര്‍ന്ന് ആ വിഗ്രഹമെടുത്ത് പ്രതിഷ്ഠിക്കാന്‍ ഉചിതമായ സ്ഥലം തേടി ആകാശയാത്ര തുടര്‍ന്നു.  അപ്പോഴാണ് ഒരു സ്ഥലത്ത് ശിവപാര്‍വ്വതിനൃത്തം നടക്കുന്നത് കണ്ടത്.  അവിടെ അവര്‍ ഇറങ്ങി.  വിഗ്രഹം പ്രതിഷ്ഠിച്ചു.  ദേവഗുരുവും വായുവും കൂടി പ്രതിഷ്ഠിച്ചതിനാല്‍ ആ സ്ഥലത്തിന് ‘ഗുരുവായൂര്‍’ എന്നു പേര് വന്നു.  ഇനി ഭാരതയുദ്ധം വഴി ലഭിച്ച ‘ഭഗവദ്ഗീത’ എന്ന വിശ്വപ്രസിദ്ധമായ ഗ്രന്ഥത്തിന് ആദ്യമായി ഒരു ഇന്ത്യന്‍ ഭാഷയില്‍ മൊഴിമാറ്റം ഉണ്ടായതു മലയിന്‍കീഴ് ക്ഷേത്രാങ്കണത്തില്‍ വച്ചാണ്. ഭാഷാപിതാവായ എഴുത്തച്ഛനു മുമ്പു മലയിന്‍കീഴ് മാധവനാണ് ഭഗവദ്ഗീത മലയാളത്തിലേക്ക്  മൊഴിമാറ്റം നടത്തിയത്.
“ചെല്‌വമെഴും മലയിന്‍കീഴ്-
തിരുമാതിന്‍ വല്ലഭനരുളാലേ
തെളിവൊടു മാധവനഹ
     മിടര്‍കളവാന്‍”

    ഇന്ദ്രഗിരിപോലെ അക്ഷയമായ ഐശ്വര്യം കളിയാടുന്ന മലയിന്‍കീഴ് ദേശത്തു വാണരുളുന്ന ശ്രീകൃഷ്ണസ്വാമിയുടെ ഹിതപ്രകാരമാണ് ഗ്രന്ഥരചന നടത്തിയതെന്നു മഹാകവി മലയിന്‍കീഴ് മാധവന്‍ നൂറ്റാണ്ടു മുമ്പു പറയുന്നതില്‍ നിന്നുതന്നെ ഈ ക്ഷേത്രത്തിന്‍റെയും പ്രദേശത്തിന്‍റെയും പ്രാധാന്യം ഊഹിക്കാവുന്നതാണ്.  ഇതില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്. ശ്രീപദ്മനാഭ സ്വാമിക്ഷേത്രം പോലെയോ ഗുരുവായൂര്‍ പോലെയോ ഒരു കാലത്ത് പ്രസിദ്ധമായിരുന്നു മലയിന്‍കീഴ് ക്ഷേത്രവും. കലാന്തരത്തില്‍ അതിനുള്ള ഭൂമിയും മഠങ്ങളും നഷ്ടപ്പെട്ടിരിക്കാം. എങ്കിലും മതിലകം രേഖകള്‍ ഉള്‍പ്പെടെയുള്ളവയില്‍ ഈ ക്ഷേത്രം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1729 ല്‍ തിരുവിതാംകൂറില്‍ ഭരണം ഏല്‍ക്കുകയും രാജ്യം ശ്രീപത്മനാഭസ്വാമിക്ക് സമര്‍പ്പിക്കുകയും ചെയ്ത അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്‍റെ കാലത്തു തന്നെ മലയിന്‍കീഴ് ക്ഷേത്രത്തില്‍ നിന്നു പത്മനാഭക്ഷേത്രത്തിലേക്ക് വാദ്യക്കാരെ വരുത്തിയതിനു തെളിവുണ്ട്.  ഇതു കൂടാതെ ശ്രീമൂലം തിരുനാള്‍ (1885-1924) വരെയുള്ള മഹാരാജാക്കന്മാരും സര്‍.ടി മാധവറാവു ഉള്‍പ്പെടെയുള്ള ദിവാന്മാരും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഒരു പക്ഷെ, മലയിന്‍കീഴ് ക്ഷേത്രത്തെ കൂടുതല്‍ പ്രശസ്തമാക്കുന്നത് കുട്ടികുഞ്ഞുതങ്കച്ചിയുടെ കവിതകളാണ്.



ഓമനത്തിങ്കള്‍ കിടാവോ – നല്ല
കോമളത്താമരപ്പൂവോ

        എന്ന അനശ്വര താരാട്ടിന്‍റെ കര്‍ത്താവായ ഇരിയമ്മന്‍തമ്പിയുടെ മകളാണ് കുട്ടികുഞ്ഞു തങ്കച്ചി (1820 – 1904)  ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ വടക്കേ നടയ്ക്ക് സമീപം താമസിച്ചിരുന്ന അവര്‍ക്ക് അവിടത്തെ അമ്പാടി കൃഷ്ണനെക്കാള്‍ ഇഷ്ടം മലയിന്‍കീഴ് കൃഷ്ണനെയായിരുന്നു.  അതുകൊണ്ടാണ് അവരുടെ മലയിന്‍കീഴ് ക്ഷേത്രദര്‍ശനവും അവിടെത്തെ കൃഷ്ണനെക്കുറിച്ചുള്ള കവിതകളും. ഇന്നും തിരുവനന്തപുരം നഗരത്തിലെ പഴമക്കാരുടെ ആരാധനാമൂര്‍ത്തിയാണ് മലയിന്‍കീഴ് ശ്രീകൃഷ്ണന്‍.  നെടുമങ്ങാട്, വിതുര, തുടങ്ങിയ ഉള്‍പ്രദേശങ്ങളിലെ പൂര്‍വ്വികര്‍ പണ്ട് പശു പ്രസവിച്ചാല്‍ ആദ്യത്തെ പാല് നല്‍കിയിരുന്നതും പശുക്കുട്ടികളെ ദാനമായി നല്‍കിയിരുന്നതും മലയിന്‍കീഴ് ക്ഷേത്രത്തിലാണെന്ന് ബന്ധുക്കള്‍ പറയുന്നു. ബസ് സര്‍വ്വീസ്‌പോലും ഇല്ലാത്ത കാലമായിരുന്നു അത്.  മുന്‍രാഷ്ട്രപതി വി.വി.ഗിരി ഗവര്‍ണറായിരുന്നപ്പോള്‍ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ടായിരുന്ന കാര്യം നാട്ടുകാര്‍ക്ക് ഓര്‍മ്മയുണ്ട്.  ഇങ്ങനെ നോക്കിയാല്‍ ഒരു കാലത്ത് കീര്‍ത്തിയുടെ ഉത്തുംഗശൃംഗത്തില്‍ ഉയര്‍ന്നു നിന്നതും തെക്കന്‍ കേരളത്തിലെ വൈഷ്ണവ ഭക്തരുടെ തീര്‍ത്ഥാടനകേന്ദ്രവുമായിരുന്നു മലയിന്‍കീഴ് ക്ഷേത്രം.




                                                                 ആറാട്ട്




THALASSERRY , KANNUR , KERALA 


കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ  ഒരു ക്ഷേത്രമാണ്തലശ്ശേരി തിരുവങ്ങാട് ക്ഷേത്രം. ശ്രീരാമന്‍ ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ചെമ്പുതകിട് കൊണ്ടുള്ള മേൽക്കൂര ഉള്ളതുകൊണ്ട് പിച്ചള അമ്പലം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.



ഐതീഹ്യം

അഗസ്ത്യമഹർഷി ശിഷ്യഗണങ്ങലോടുകൂടി കാവേരി സ്നാനത്തിനുപോകുന്ന അവസരത്തിൽ ശ്വേതൻ,നീലൻ എന്നീ രണ്ടു രാക്ഷസന്മാർ അദ്ദേഹത്തെ അപമാനിക്കുകയും കോപാകുലനായ മുനി അവരെ "അധഃപതിയ്ക്കട്ടെ "എന്ന് ശപിക്കുകയും ചെയ്തു .രാക്ഷസന്മാർ ശാപ മോചനത്തിന് അപേക്ഷിച്ചപ്പോൾ മുനി,നീലനെ തളിയിലപ്പനെ ഭജിക്കുവാനും ശ്വേതനെ തിരുവങ്ങാടുള്ള ശിവ ക്ഷേത്രത്തിൽ ചെന്ന് ഭജിക്കുവാനും ഉപദേശിച്ചു. ഇങ്ങനെ തുടർച്ചയായി മൂന്നു കൊല്ലം ഭജിച്ചാൽ ശാപമോക്ഷം കിട്ടുമെന്നും അരുളിച്ചെയ്തു .അതനുസരിച്ച് ശ്വേതൻ തിരുവങ്ങാടുള്ള ഇപ്പോൾ വടക്കേടം എന്നറിയപ്പെടുന്ന ക്ഷേത്രത്തിലും നീലൻ തളിയിലപ്പൻ ക്ഷേത്രത്തിലും ഭജനം നടത്തി .അക്കാലത്ത് വൻ കാടായിരുന്ന തിരുവൻകാട് ,"തിരുവങ്ങാട് "എന്ന് വിളിച്ചു വരുന്നു. ശ്വേതൻ ഭജിച്ചിരുന്നതിനാൽ തിരുവങ്ങാട് "ശ്വേതാരണ്യപുരം " എന്നും അറിയപ്പെടുന്നു.




സങ്കല്‍പ്പമൂര്‍ത്തി
ഖരവധം കഴിഞ്ഞ ഉടനെയുള്ള നിലയിൽ ശ്രീരാമാസ്വാമിയെ മകരമാസത്തിലെ തിരുവോണം നക്ഷത്രദിനം അമാവാസിയ്ക്ക് പ്രതിഷ്ഠിച്ചതാണെന്നു വിശ്വസിച്ചു വരുന്നു .അന്നേ ദിവസം ആണ് പട്ടത്താനം കൊണ്ടാടുന്നത് .യുദ്ധത്തിനായി ശൂർപ്പണഖയുടെ ആവലാതി പ്രകാരം ഖരൻ അയച്ച രാക്ഷസരെ എല്ലാം നിഗ്രഹിച്ച വിവരം ശൂർപ്പണഖ ഖരനെ അറിയിക്കുന്നു .അതിക്രോധത്തോടെ ഖരൻ പതിനാലായിരം പടയോടുകൂടി ത്രിശിരസ്സിനെയും ഭൂഷനെയും അയക്കുന്നു .രാക്ഷസപ്പടയുടെ രൂക്ഷമായ കോലാഹലം കേട്ട് ശ്രീരാമൻ സീതാദേവിയെ ഒരു ഗുഹയിലാക്കി ലക്ഷ്മണനെ കാവൽ നിർത്തി രാക്ഷസന്മാരോട് പൊരുതുവാൻ പോയി .ഈ ഗുഹ തിരുവങ്ങാട് ദേശത്തുള്ള പോക്കനശ്ശേരി എന്നാ പറമ്പിൽ ആണെന്ന് വിശ്വസിക്കപ്പെടുന്നു.
ഒരിക്കൽ ഖരവധം കളിമദ്ധ്യെ രാമനെ പോരിനു വിളിച്ച ഖരനെ പിന്നെ കണ്ടിട്ടില്ലത്രേ .അതിനാലാണ് ഇവിടങ്ങളിൽ ഖരവധം കഥകളി കളിക്കാത്തത് .ഈ കാരണം കൊണ്ടും ഇവിടെ ഉള്ള ശ്രീരാമ പ്രതിഷ്ഠ ഖരവധം കഴിഞ്ഞ ഉടനെ ഉള്ള നിലയിലാണെന്നു അനുമാനിക്കാം.



ചരിത്രം

ടിപ്പുവിന്റെ സൈന്യങ്ങൾ പീരങ്കി വേദികൾ പൊട്ടിച്ച് ഗോപുരവും ക്ഷേത്രമതിലും തകർത്തു ഉള്ളോട്ട്‌ നീങ്ങിയപ്പോൾ ക്ഷേത്രത്തിലും ക്ഷേത്ര പറമ്പിലും അഭയം തേടിയിരുന്നവർ ഭയപ്പെട്ട് തിരുവങ്ങാട് പെരുമാളെ ശരണം വിളി തുടങ്ങി .തത്സമയം ഒരാൾ കുതിരപ്പുറത്തു കയറി കിഴക്കോട്ട് പോകുകയും ക്ഷേത്രത്തെ ഉന്നം വെച്ച് വരുന്ന ടിപ്പുവിന്റെ സേന കലഹിച്ചു ഭയങ്കരമായി അന്യോന്യം യുദ്ധം ചെയ്തു നശിക്കുകയും ചെയ്തു എന്നും പറയപ്പെടുന്നു. ഈ യുദ്ധ സ്ഥലത്തിനു പെരുംബോർക്കുളം എന്നത് ചുരുങ്ങി പെരുങ്കുളം എന്ന് പറയുന്നു .ഉത്സവകാലത്ത് പെരുമാളുടെ പള്ളിവേട്ട പെരുങ്കുളത്തുവച്ചാണ് . പെരുമാൾക്ക് മാത്രമായി വഴിപാടുകൾ കഴിക്കുന്നത്‌ ദുർല്ലഭം ആണ് .കൂട്ടത്തിൽ ഹനുമാരെയും പെടുത്തും .പെരുമാൾക്ക് വലിയവട്ടളം പായസം കഴിക്കുമ്പോൾ ഹനുമാർക്ക് അവിൽ നിവേദ്യം ആണ് വഴിപാട്......


ക്ഷേത്ര രൂപ കല്‍പ്പന

പ്രധാന പ്രതിഷ്ഠ ശ്രീരാമസ്വാമി ആണ്. ചതുർബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് പ്രതിഷ്ഠ. കൃഷ്ണശിലയിൽ തീർത്ത വിഗ്രഹത്തിന് ആറടിപൊക്കമുണ്ട്. കിഴക്കോട്ടാണ് ദർശനം. നിൽക്കുന്ന രൂപത്തിൽ ശംഖും ചക്രവും ഗദയും താമരയും ധരിച്ചിരുക്കുന്ന ഈ പ്രതിഷ്ഠയെ തിരുവങ്ങാട്ട് പെരുമാളെന്നും വിളിക്കുന്നു. ഖരവധത്തിനുശേഷം രൗദ്രഭാവമടങ്ങാത്ത ശ്രീരാമനാണ് ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. ക്ഷേത്രത്തിലെ ഗർഭ ഗൃഹത്തിന് ചുറ്റും അൽപ്പം താഴ്ന്നു നിൽക്കുന്ന മുഖ മണ്ഡപത്തിന്റെ ഇടതു ഭാഗത്തായിട്ടാണ് ശ്രീ ഹനുമാനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. തെക്ക് ഭാഗത്തുള്ള ഇടനാഴിയിൽ ആണ് ദക്ഷിണാമൂർത്തി (ശിവന്റെ ഒരു രൂപഭേദം) പ്രതിഷ്ഠ .അതിനു തൊട്ടടുത്തായി ഗണപതി പ്രതിഷ്ഠയും കാണാം. നമസ്കാരമണ്ഡപത്തിനും തിടപ്പള്ളിക്കും ഇടയിൽ പടിഞ്ഞാറ് മുഖമായി സുബ്രഹ്മണ്യ പ്രതിഷ്ഠയും ഉണ്ട്.
.മണ്ഡപത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത്‌ ഒരു ചെറിയ മരം കൊണ്ടുള്ള കൂട്ടിൽ ഭഗവതിയുടെ പ്രതിഷ്ഠയും ഉണ്ട് .ഭഗവതിയുടെ സഞ്ചാരം ജനങ്ങൾക്ക്‌ ഭയാജനകമായതിനാൽ മന്ത്രശക്തി കൊണ്ട് ഭഗവതിയെ കൂട്ടിലാക്കി ദിക് ബന്ധം ചെയ്തു ചങ്ങല തളച്ചു എന്നാണു ഐതിഹ്യം. വാദ്യക്കാരനായ മാരാർ ബീജാക്ഷരങ്ങളുള്ള പാണികൊട്ടി താൻ ദേവിയെ വരുത്താം എന്നും ശാന്തിക്കാരൻ നമ്പൂതിരി തത്സമയം താൻ നിവേദ്യം അർപ്പിക്കും എന്നും തർക്കിച്ചുകൊണ്ട് പാണി കൊട്ടിയപ്പോൾ ഈ ദേവിയുടെ സാന്നിദ്യം ഉണ്ടായെന്നും നിവേദ്യം ഒരുക്കാൻ കഴുകിയ അരി ഉടനെ ദേവിക്ക് നിവേദിച്ചു എന്നും പറയുന്നു. ഇപ്പോഴും ആ നിവെദ്യതിലെന്നപോലെ വേവിക്കാത്ത അരിയാണ് ദേവിക്ക് നിവേദിക്കുന്നത് .മുഖ്യമായ വഴിപാടു ദേവിക്ക് അരിയാണ് ."അരിത്ലാവൽ". അയ്യപ്പൻ, നാഗദേവതകൾ, ബ്രഹ്മരക്ഷസ്സ്, ഗുരുവായൂരപ്പൻ, ക്ഷേത്രം തന്ത്രിയുടെ ചില തേവാരമൂർത്തികൾ എന്നിവരാണ് മറ്റ് ഉപപ്രതിഷ്ഠകൾ.


കൂടാതെ വടക്കേടമെന്നും കിഴക്കേടമെന്നും പേരുള്ള രണ്ട് ശിവക്ഷേത്രങ്ങളുമുണ്ട്. വടക്കേടമാണ് ആദ്യമുണ്ടായത്. ഇവിടത്തെ ശിവന്റെ രൗദ്രതമൂലം സമീപവാസികൾക്ക് ബുദ്ധിമുട്ടുകളുണ്ടായപ്പോഴാണ് കിഴക്കേടം ക്ഷേത്രം അതിന് അഭിമുഖമായി പണിതത്. വടക്കേടം ക്ഷേത്രം കിഴക്കോട്ടും കിഴക്കേടം ക്ഷേത്രം പടിഞ്ഞാട്ടും ദർശനമായിരിക്കുന്നു.
ക്ഷത്രിയനായ ശ്രീരാമൻ ബ്രാഹ്മണർക്ക് ഭക്ഷണം കൊടുത്ത ശേഷം മാത്രമേ ഭക്ഷണം കഴിക്കരുള്ളുവത്രേ. ഇപ്പോഴും ഉച്ചപൂജയ്ക്കു മുമ്പായി ഒരു ബ്രാഹ്മണന് എന്നും ഭോജനം കൊടുത്ത ശേഷം ഗ്രമാപിള്ള നടയിൽ ചെന്നു തൊഴുതു ഭക്ഷണം കഴിഞ്ഞു എന്ന് സ്വാമിയെ അറിയിക്കുന്നു.
18-ആം നൂറ്റാണ്ടിൽ ടിപ്പുസുല്‍ത്താന്‍ കേരളം ആക്രമിച്ച് ക്ഷേത്രങ്ങൾ നശിപ്പിച്ചപ്പോൾ ഈ ക്ഷേത്രത്തിനും നാശം സംഭവിച്ചിരുന്നു. എങ്കിലും ക്ഷേത്രം പൂർണ്ണമായി നശിച്ചുപോകാതെ രക്ഷപെട്ടു. ഈ ക്ഷേത്ര വളപ്പിൽ വെച്ചാണ് ഈസ്റ്റ്‌ ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥരും തദ്ദേശീയരായ പ്രമാണിമാരും തമ്മിൽ പല കൂടിക്കാഴ്ചകളും നടന്നതും പല ഉടമ്പടികളും ഒപ്പുവെച്ചതും. ഈ ക്ഷേത്രത്തിൽ പല താളിയോല ഗ്രന്ഥങ്ങളും സൂക്ഷിച്ചിരിക്കുന്നു. പല മനോഹരമായ ശില്പങ്ങളും ഈ ക്ഷേത്രത്തിൽ ഉണ്ട്.
ക്ഷേത്രത്തിലെ വാർഷികോത്സവം എല്ലാ മേടമാസവും  വിഷു  ദിവസമാണ് നടക്കുന്നത്. (ഏപ്രിൽ-മെയ് മാസങ്ങളിൽ). ഉത്സവം ഒരു ആഴ്ച നീണ്ടു നിൽക്കും.




Kappil,Krishnapuram,Alappuzha ,Kerala 


visit and follow us on facebook  https://www.facebook.com/nammudekshethrangalndd


ആലപ്പുഴ ജില്ലയുടെ തെക്ക് കൃഷ്ണപുരം എന്ന സ്ഥലത്തെ കാപ്പിൽ ഗ്രാമത്തിലാണ് കുറക്കാവ് ദേവീ ക്ഷേത്രംസ്ഥിതി ചെയ്യുന്നത്. ഇവിടെ ശിവന്റെയും പാർവതിയുടെയും അവതാരങ്ങൾ ആയ കുറക്കാവിൽ അമ്മയും ശക്തി സ്വരൂപനായ കിരാതമൂർത്തിയും ആരാധിക്കപ്പെടുന്നു.അഭീഷ്ടസിദ്ധിക്കായി ജനങ്ങൾ ഇവിടെ അമ്മക്ക് കാര്യസിദ്ധിപൂജ സമർപ്പിക്കുന്നു. ഇവിടെ പൂജ നടത്തി കാര്യസിദ്ധി നേടിയ നിരവധി അനുഭവങ്ങൾ ജനങ്ങൾക്കുണ്ട്. 


എല്ലാ മലയാള മാസത്തിലെയും രണ്ടാമത്തെയും അവസാനത്തെയും ഞായറാഴ്ചകളിൽ ആണ് കാര്യസിദ്ധി പൂജ നടക്കാറുള്ളത്. പാലാ കൈപ്പിള്ളീ ഇല്ലത്ത് അരുൺ ദാമോദരൻ നമ്പൂതിരി യാണ് ഇവിടുത്തെ ഇപ്പോഴത്തെ മേൽശാന്തി.




വഴിപാടുകള്‍

എല്ലാ മാസവും അത്തം നക്ഷത്രത്തിൽ ദേവിഭാഗവത പാരായണം, നാരങ്ങാ വിളക്ക്, വിശേഷാൽ പൂജ, അന്നദാനം എന്നിവ നടത്തപ്പെടുന്നു. എല്ലാ മലയാളമാസം ഒന്നാം തീയതിയും തിരക്ക് വർദ്ധിച്ചതോടെ എല്ലാ വെള്ളിയാഴ്ചകളിലും നേർച്ചപ്പറയും നടത്തപ്പെടുന്നു. മൂലസ്ഥാനത്ത് "വെറ്റില പറത്തൽ" അതി പ്രധാനമായ വഴിപാടാണ്. അടുക്കു സമർപണം, കോഴി പറത്തൽ, പട്ടു ചാർത്തൽ, എന്നിവയും ഇവിടുത്തെ പ്രധാന വഴിപാടുകളാണ്. വെറ്റില പറത്ത് പ്രസിദ്ധമായതോടെ കാവിൽ ദക്ഷിണ വച്ച് വിശേഷ കലശപൂജകൾ, ഭക്തി നിർഭരമായ കീർത്തനാലാപത്തോടും സമൂഹനാമജപത്തോടും കൂടിയ കാര്യസിദ്ധിപൂജ മുതലായവ ആരംഭിച്ചു. തുടക്കത്തിൽ 100-110 പേരോടെ മാത്രമായി തുടങ്ങിയ ഈ പൂജയിൽ ഇന്ന് 25000 പേരോളം പങ്കെടുക്കുന്നത് ഇവിടുത്തെ അനുഭവസിദ്ധിയുടെ ഫലം ഒന്നുകൊണ്ടു മാത്രമാണ്.


കായംകുളം കൊല്ലം പാതയിൽ കൃഷ്ണപുരത്തുനിന്നും ചൂനാട്ടെക്കു പോകുന്ന പാതയിൽ ആണൂ കുറക്കാവ് . അവിടെ ആണ് ഈ അപൂർവ്വക്ഷേത്രം.






                                          Krishnapuram, Kayamkulam, Alappuzha, Kerala

                visit and follow us on facebook   https://www.facebook.com/nammudekshethrangalndd



ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്തുള്ള കൃഷ്ണപുരത്താണ് വേതാളൻ കാവ് മഹാദേവ ക്ഷേത്രം.ശിവശക്തിയെ വേതാള രൂപത്തിൽ ആരാധിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിനു ഏകദേശം മൂന്ന് കിലോമീറ്റർ കിഴക്കായി ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.





വിശേഷദിവസങ്ങള്‍


എല്ലാ വർഷവും മകര മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച തിരുവുത്സവം ആഘോഷിക്കുന്നു.


ദേശീയപാത 47 ൽ ഓച്ചിറയിൽ നിന്നും ചൂനാട് റോഡിലൂടെ കൈരളി ജംഗ്ഷൻ വഴി ക്ഷേത്രത്തിൽ എത്തിച്ചേരാം.