Powered By Blogger

Thursday 11 December 2014


VALLIIKOTTU , PATHANAMTHITTA, KERALA 
  


പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തൃക്കോവിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം.വള്ളിക്കോട് തൃക്കോവിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം,തിരുവനന്തപുരം ശ്രീ അനന്ത പത്മനാഭസ്വാമി ക്ഷേത്രത്തിനു ശേഷം ഇതേ ഗണത്തിൽ ഉൾപ്പെടുന്ന രണ്ടാമത്‌ ശ്രീ പത്മനാഭസ്വാമി ക്ഷേത്രമാണെന്ന് വിശ്വസിക്കപ്പെടുന്നു.പത്തനംതിട്ട ജില്ലയിലെ കൈപ്പട്ടൂരിൽ നിന്നും രണ്ടര കിലോമീറ്റർ അകലെയായി പന്തളം - കോന്നി പാതയ്ക്ക് സമീപത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുർബാഹുവായ പത്മനാഭസ്വാമി പ്രധാന പ്രതിഷ്ഠയായ ക്ഷേത്രത്തിൽ ശങ്കരമുകുന്ദ്, ഗണപതി, ദേവി, നാഗരാജാവ്-നാഗയക്ഷി, ബ്രഹ്മരക്ഷസ്, മാടസ്വാമി തുടങ്ങിയ ഉപപ്രതിഷ്ഠകളുമുണ്ട്.                                                                                                             

                                
                                                       
തൃക്കോവിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം




ക്ഷേത്രോൽപ്പത്തിയെ പറ്റി കൃത്യമായ കാലഗണനയില്ലെങ്കിലും ശിലാഖണ്ഡങ്ങളിലുള്ള ശില്പങ്ങൾ ക്ഷേത്രത്തിന്റെ പഴമ വിളിച്ചോതുന്നു. ഗുരുവായൂരപ്പന്റെ അതീവ ഭക്തനായ വില്വമംഗലം സ്വാമിയാർ അനന്തൻകാട് തേടിയുള്ള മാർഗമദ്ധ്യേ വള്ളിക്കോട് ദേശത്തെത്തുകയും, വിശ്രമിക്കാനായി പ്രദേശത്തെ ഒരു നായർ തറവാട്ടിൽ തങ്ങുകയും ചെയ്തു. അന്നു രാത്രിയിൽ വില്വമംഗലം സ്വാമിയാർക്ക് സ്വപ്നത്തിൽ ദർശനമുണ്ടാകുകയും അതിൻ പ്രകാരം ഇപ്പോൾ ക്ഷേത്രം കുടികൊള്ളുന്ന സ്ഥലത്ത് ഗുരുവായൂരപ്പ ചൈതന്യത്തോട് കൂടി ശ്രീ പത്മനാഭ പ്രതിഷ്ഠ നടത്തുകയും ചെയ്തു. പിന്നീട് കാലാകാലങ്ങളിൽ പ്രദേശത്തെ വിവിധ ബ്രാഹ്മണ മഠങ്ങളുടെ ഊരാൺമയിലായിരുന്നു ഈ ക്ഷേത്രകാര്യങ്ങൾ നടന്നിരുന്നത്. എന്നാൽ കാലക്രമേണ ക്ഷേത്രത്തിൻറെ ഊരാൺമക്കാരായ ഒരു പ്രമുഖ ബ്രാഹ്മണ ഇല്ലവും പ്രദേശവാസികളായ ചിലരും തമ്മിലുടലെടുത്ത അഭിപ്രായഭിന്നതകൾ ക്ഷേത്രഭരണം താറുമാറാകുന്നതിൽ കലാശിച്ചു. ഇക്കാലയളവിൽ ക്ഷേത്രത്തിന്റെ വിപുലമായ വസ്തുവകകൾ കൈമോശം വരികയും നിത്യപൂജകൾക്ക് പോലും വകയില്ലാത്ത വിധം ക്ഷേത്രസമ്പത്ത്‌ ക്ഷയിയ്ക്കുകയും ചെയ്തു. ഏകദേശം അമ്പതു വർഷത്തോളം ഈ ദുരവസ്ഥ തുടർന്നു. ഒടുവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ ക്ഷേത്രം ഏറ്റെടുത്തു. ഒടുവിൽ പ്രദേശവാസികളായ ഭക്തജനങ്ങൾ ക്ഷേത്രപുനരുദ്ധാരണത്തിനായി രംഗത്തിറങ്ങുകയും ക്ഷേത്ര വികസനത്തിനായി പരിശ്രമിയ്ക്കുകയും ചെയ്തു. ക്ഷേത്രഭരണസമിതികളുടെ നേതൃത്വത്തിൽ നടന്ന ഇത്തരം പ്രവർത്തനങ്ങളിലൂടെ ക്ഷേത്രം നഷ്ടപ്രതാപം വീണ്ടെടുക്കുകയും മേജർ ക്ഷേത്രങ്ങളിലോന്നായി മാറുകയും ചെയ്തു.ഏതാണ്ട് അൻപതോളം സപ്താഹ യജ്ഞങ്ങൾ നടന്ന പെരുമ വള്ളിക്കോട് തൃക്കോവിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു അവകാശപ്പെടാനുണ്ട്.എല്ലാ വർഷവും ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോടനുബന്ധിച്ച് നടത്തിവരാറുള്ള ദശാവതാര ചാർത്താണ് ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വഴിപാടുകളിലൊന്ന്.

PARUMALA , ALAPPUZHA ,KERALA 




കേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളിൽവെച്ചു പ്രാഥമ്യവും പ്രാധാന്യവും ഉള്ള മൂന്നുക്ഷേത്രങ്ങളിൽ ഒന്നാണ് പത്തനംതിട്ട ജില്ലയിലെ പരുമലയിൽ സ്ഥിതി ചെയ്യുന്ന പനയന്നാർകാവ് ക്ഷേത്രം. മലബാറിൽ തിരുമാന്ധാംകുന്നും, കൊച്ചിയിൽ കൊടുങ്ങല്ലൂരും, തിരുവിതാംകൂറിൽ പനയന്നാർകാവും ഏകദേശം തുല്യ പ്രാധാന്യത്തോടെ കരുതിപ്പോരുന്നു. ഈ ക്ഷേത്രങ്ങളിൽ ശിവസാന്നിധ്യം പ്രധാന്യത്തോടെ തന്നെയുണ്ടെന്ന് വിശ്വാസികൾ കരുതുന്നു. ഈ ശിവക്ഷേത്രങ്ങൾ പരശുരാമ പ്രാതിഷ്ഠിതമാണെന്ന് ഐതിഹ്യമുണ്ട് .


പനയന്നാർ കാവ് ഗോപുരം


കള്ളിയങ്കാട്ട് നീലി യെ കടമറ്റത്ത് കത്തനാർ കുടിയിരുത്തിയത് ഇവിടെ ആണ് എന്ന ഐതിഹ്യവും നിലവിലുണ്ട്.
കടമറ്റത്ത് കത്തനാർ കുടിയിരുത്തിയ യക്ഷി
ശ്രീ വലിയപനയന്നാർ കാവിൽ പരമശിവനോടൊപ്പം കാളി കരിങ്കാളി, കൊടുങ്കാളി, ഭൂതകാളി, ദുർഗ്ഗ, അന്നപൂർണേശ്വരി, ത്രിശൂലസ്ഥിതയായ ചാമുണ്ഡീശ്വരി, ലളിതാധിവാസമേരുചക്രം, ഗണപതി, വീരഭദ്രൻ ക്ഷേത്രപാലകൻ, കടമറ്റത്തുനിന്നുള്ള യക്ഷിയമ്മ , രക്ഷാധിപൻ, ഭദ്രകാളി എന്നീ പ്രതിഷ്ഠകളുണ്ട്.                                                                                                                          
                              
                                                         വലിയ പനയന്നാർകാവ്

നാഗരാജാക്കന്മാരുടെയും നാഗയക്ഷികളുടെയും സന്തതി പരമ്പരകളൂടെയും ആവാസസ്ഥാനമായ അഞ്ച് കാവുകൾ ചുറ്റുപാടുകളിലായുണ്ട് .  

               പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്[5]. പണ്ട് കടപ്ര ദേശത്ത് ശ്രായിക്കൂർ (ചിറവായിൽ) എന്നൊരു കോവിലകം ഉണ്ടായിരുന്നു. അവിടേക്ക് ദേശാധിപത്യവും നാടുവാഴ്ചയും ഉണ്ടായിരുന്നു. ആ കോയിക്കലെ ഒരു തമ്പുരാൻ പരദേശത്തു (പനയൂർ) പോയി ഭഗവതിസേവ നടത്തി ദേവിപ്രീതി സമ്പാതിച്ചു. ദേവിയോട് അദ്ദേഹം "തന്റെ ദേശത്തു വന്നു കുടുംബപരദേവതയായി കുടിയിരിക്കാൻ അപേക്ഷിച്ചു". അങ്ങനെ ദേവി അദ്ദേഹത്തിനൊപ്പം പോരുകയും ചെയ്തു.  

     

                                                           വടക്കേ നാലമ്പലം   


അദ്ദേഹം പിന്നീട് കടപ്രദേശത്ത് പമ്പാനദിക്കരയിൽ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായ പരുമല ശിവക്ഷേത്രത്തിനരികെ സപരിവാരസമേതം പ്രതിഷ്ഠിച്ചു. ശിവക്ഷേത്രത്തിന്റെ ശ്രീകോവിലിനു തെക്കുവശത്തു തിടപ്പള്ളി സ്ഥാനത്ത് മാതൃശാലയോട് ചേർന്ന് കിഴക്കോട്ട് ദർശനമായി ദേവിയെ ആദ്യം പ്രതിഷ്ഠിച്ചത്. ദാരികവധോദ്യുക്തയായി ഏറ്റവും കോപത്തോടുകൂടി യുദ്ധഭൂമിയിൽ നിന്നിരുന്ന ആ ധ്യാനത്തോടുകൂടിയായിരുന്നു ദേവി പ്രതിഷ്ഠാ സങ്കലപം. ആ പ്രതിഷ്ഠ അവിടെ അത്യുഗ്ര മൂർത്തിയായിതീർന്നു. പിന്നീട് ദേവി പ്രതിഷ്ഠ വടക്കോട്ട് ദർശനമായി ഒന്നുകൂടി പ്രതിഷ്ഠിച്ചു. അതു ദാരികവധാനന്തരം ദേവി രക്താഭിഷിക്ത ശരീരയായി കോപവേപിതഗാത്രിയായി യുദ്ധഭൂമിയിൽ നിന്നിരുന്ന ധ്യാനത്തോടുകൂടിയായിരുന്നു പ്രതിഷ്ഠാ സങ്കല്പം. അവിടെയും ദേവി ഏറ്റവും ഭയങ്കരിയായിതന്നെയാണ് പരിണമിച്ചത്. ഈ പ്രതിഷ്ഠ, പ്രതിഷ്ഠാമാതൃക്കളുടെ കൂട്ടത്തിൽ വീരഭദ്രൻ, ഗണപതി എന്നീ മൂർത്തികളോടുകൂടിയാണ് നടത്തിയിരുന്നത്. ഈ ബിംബത്തിലാണ് ഭഗവതിക്കു ചാന്താട്ടം മുതലായ പൂജകൾ നടത്തുന്നത്


പനയന്നാർ കാവ് ശ്രീകോവിൽ



വിധിപ്രകാരം പ്രതിഷ്ഠ നടത്തുകയും ക്രമപ്രകാരം പതിവായി പൂജാദികൾ നടത്തിതുടങ്ങുകയും ചെയ്യുകയാൽ ഇവിടെ ഭഗവതിയുടെ സാന്നിദ്ധ്യം കൂടുതൽ ശക്തി പ്രാപിക്കുകയും ദേവിയുടെ ശക്തി ക്രമത്തിലധികം വർദ്ധിക്കുകയാൽ പകൽ സമയത്തുപോലും കാവില്പോകുവാൻ ജനങ്ങൾക്കു ഭയമായിതുടങ്ങി. അതിനു ശമനമുണ്ടാക്കാൻ ദേവിയുടെ കിഴക്കേ നടയിൽ ധാരാളം ഗുരുതി നടത്തുകയുണ്ടായി. ഈ ഗുരുതി എല്ലാ വർഷംതോറും മുടക്കാതെ നടത്തിപോന്നിരുന്നു. അങ്ങനെ ഒരു വർഷം നടത്തേണ്ടിയിരുന്ന ഗുരുതി ദേവിയുടെതന്നെ ഇംഗിതപ്രകാരം നിർത്തിവെക്കുകയും കിഴക്കേ നട എന്നന്നേക്കുമായി അടക്കുകയും ചെയ്തു. അതിനുശേഷം ആ നട തുറന്നിട്ടില്ല.                                                                                            



പ്രധാന ശ്രീകോവിൽ (മഹാദേവൻ)



രാമയ്യൻ ദളവ ചെമ്പകശ്ശേരി ആക്രമിച്ച് രാജ്യം പിടിച്ചെടുത്തുകഴിഞ്ഞ് പനയന്നാർ കാവ് ക്ഷേത്രത്തെക്കുറിച്ച് അറിയുകയും അമ്പലപ്പുഴ ദേവനാരായണൻ മഹാരാജാവ് ദേവിക്കു നൽകിയിട്ടുള്ള ആഭരണങ്ങൾ കണ്ടുകെട്ടാൻ ഉത്തരവിട്ടു. അതിനുശേഷം അദ്ദേഹത്തിനുണ്ടായ ദേഹാസ്വസ്ത്യങ്ങൾ മൂലം ദളവക്ക് തന്റെ തെറ്റുമനസ്സിലാവുകയും പ്രാശ്ചിത്തമായി മാർത്താണ്ഡ വർമ്മ മഹാരാജാവിനെ കൊണ്ടുതന്നെ നിലവും പുരയിടവും ക്ഷേത്രത്തിലേക്ക് കരമൊഴിവായി പതിച്ചുകൊടുപ്പിച്ചു. അന്ന് മാർത്താണ്ഡവർമ്മ ക്ഷേത്രത്തിലേക്ക് കൊടുത്ത പുരയിടം ഏകദേശം ആറേക്കർ ആണ്. ഇതിലേക്ക് ചീട്ട് എഴുതി തുല്യം ചാർത്തിയത് കൊല്ല വർഷം 926-ആംണ്ട് മീനമാസം 11-ആം തീയതിയാണ്.                                                                        

കടമറ്റത്ത് കത്തനാർ കുടിയിരുത്തിയ യക്ഷി




പനയന്നാർകാവിൽ പടിഞ്ഞാറ് ദർശനം നൽകിയാണ് പ്രധാന ക്ഷേത്രമായ ശിവക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.തിരുമാന്ധാംകുന്നിലും, കൊടുങ്ങല്ലൂരിലും കിഴക്കോട്ടാണ് ശിവക്ഷേത്ര ദർശനം. ഇവിടെ അഘോരമൂർത്തിയാണ് പ്രതിഷ്ഠാ സങ്കല്പം. ഈ മൂന്നുക്ഷേത്രങ്ങളിലേയും ശിവപ്രതിഷ്ഠ നടത്തിയത് പരശുരാമനാണ് എന്നാണ് ഐതിഹ്യം. പനയന്നാർകാവിൽ പടിഞ്ഞാറുവശത്തുകൂടി പുണ്യനദിയായ പമ്പാനദി ഒഴുകുന്നു. നദിക്കഭിമുഖമായാണ് ശിവക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ശിവന്റെ ശ്രീകോവിലിനു നേരെ പടിഞ്ഞാറുവശത്ത് ഒരു ബലിക്കൽ പുര നിർമ്മിച്ചിട്ടുണ്ട്. അതുകൂടാതെ ഭഗവതിനടക്കു നേരെ വടക്കു വശത്തും ഒരു ബലിക്കൽപ്പുര പണിതീർത്തിട്ടുണ്ട്. ക്ഷേത്ര നിർമ്മിതി ശ്രീ മഹാദേവനു പ്രാധാന്യം നൽകിയാണ് കാണുന്നത്. ശിവക്ഷേത്രനിർമ്മാണത്തിനുശേഷമാണ് ഭദ്രകാളിയെ പനയന്നാർകാവിൽ കുടിയിരുത്തിയത്


പനയന്നാർ കാവ് ഭൂതക്കാളി, കൊടുംകാളി, കരിംകാളി നട



പനയന്നാർകാവിൽ മഹാകാളി, ഭദ്രകാളി പ്രതിഷ്ഠകൾ ഉണ്ട്. കിഴക്ക് ദർശനമായുള്ള മഹാകാളി പ്രതിഷ്ഠ ഭകതർക്ക് ദർശനയോഗ്യമല്ല. കിഴക്കെനട അടച്ചിട്ടിരിക്കുകയാണ്. കിഴക്കെനട അടച്ചതിനുശേഷം വടക്കു ദർശനമായി ചാമുണ്ഡേശ്വരിയെ പ്രതിഷ്ഠിച്ചു. സപ്തമാതൃക്കളിലെ ഏഴാമത്തെ ദേവിയ്ക്ക് പ്രാധാന്യം നൽകിയാണ് ഭദ്രകാളി സങ്കല്പത്തിൽ ചാമുണ്ഡേശ്വരിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്.                                                                 

പനയന്നാർകാവ് ക്ഷേത്രത്തിനു ചുറ്റുമുള്ള  കാവ്


ശിവക്ഷേത്രത്തിൽ മൂന്നുപൂജയും (ഉഷ, ഉച്ച, അത്താഴപൂജകൾ) ദീപാരാധനയും നിത്യേന പതിവുണ്ട്. ദേവിയിവിടെ ശക്തിസ്വരൂപിണിയായതിനാലാവാം പനയന്നാർകാവിലെ ശിവൻ വളരെ ശാന്തസ്വരൂപനാണ് എന്നാണ് ഭക്തരുടെ വിശ്വാസം.


BHARANIKAVU, KATTANAM - MAVELIKKARA ROUTE , ALAPPUZHA . KERALA 



ആലപ്പുഴജില്ലയിൽ കറ്റാനത്തുനിന്നും മാവേലിക്കരപോകുന്ന വഴിയിൽ ഏകദേശം 5 കിമി മാറി ഭരണിക്കാവ് എന്ന സ്ഥലത്ത് പ്രസിദ്ധമായ ഭരണിക്കാവ് ക്ഷേത്രം സ്ഥിതിചെയ്യുന്നു. വടക്കോട്ട് മുഖമായി ഉഗ്രപ്രതാപി ആയ ഭദ്രകാളി ആണ് പ്രധാന പ്രതിഷ്ഠ്. കിഴക്കോട്ട് മുഖമായി അതേ ശ്രീകോവിലിൽ ശിവൻ ഉണ്ട് എങ്കിലും ഭദ്രകാളിക്ക് ആണ് പ്രാധാന്യം. ശിവന്‍റെ ശ്രീകോവിലാണേങ്കിലും അവിടെ മുഴുവൻ പ്രദക്ഷിണം നടത്തുന്നു എന്ന നിലവരെ ആ പ്രാധാന്യമില്ലായ്മ എത്തുന്നു.                                                     
                                          

ക്ഷേത്രം മുമ്പിൽ നിന്നുള്ള ദൃശ്യം



ഭരണീക്കാവ് ക്ഷേത്രം



ഭരണിക്കാവ് ക്ഷേത്രത്തിലെ അയ്യപ്പന്‍റെ നട




ഭരണിക്കാവ് ഗോശാലകൃഷ്ണന്‍റെ നട



ബുദ്ധവിഗ്രഹം ഇരിക്കുന്ന നട


ക്ഷേത്രക്കുളം


ഈ ക്ഷേത്രത്തിന്റെ കിഴക്കേ പടിപ്പുരയിൽ ഉള്ള ഒരു ബുദ്ധവിഗ്രഹം സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു. മാവേലിക്കര ബുദ്ധകവലയിലും അമ്പലപ്പുഴകരുമാടിയിലും ആണ് ഈ പ്രദേശത്ത് വേറെ ബുദ്ധവിഗ്രഹങ്ങൾ കണ്ടെത്തിയിട്ടുള്ളത്. വളരെ പഴക്കമുള്ള സവിശേഷതകളാർന്ന ഭദ്രകാളിക്ഷേത്രവും മതിലകത്ത് മൂലയിലിട്ട ബുദ്ധവിഗ്രഹവും ചരിത്രത്തിലെ ചോദ്യചിഹ്നങ്ങളായി നിലകൊള്ളുന്നു.                                                         




PONNANI, MALAPPURAM .KERALA 



മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ്‌ തൃക്കാവ് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ദുർഗ്ഗാദേവിയാണ്‌. ക്ഷേത്രത്തെ കുറിച്ച് ആധികാരിക വിവരങ്ങളൊന്നും ലഭ്യമല്ലങ്കിലും കേരളത്തിൽ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട 108 മഹാക്ഷേത്രങ്ങളിൽ ഒന്നായി തൃക്കാവ് ക്ഷേത്രം പരിഗണിക്കപ്പെടുന്നു. തൃക്കാവ് എന്ന പേര്‌ തൃക്കണിക്കാട് എന്നതിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.

തൃക്കാവ് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം



കോഴിക്കോട് സാമൂതിരി രാജാവാണ് ക്ഷേത്രത്തിന്റെ ഉടമ. ലോഗന്റെ മലബാർ മാന്വൽ പ്രകാരം മൈസൂർ ഭരണാധികാരികളായിരുന്ന ഹൈദർ അലി, ടിപ്പുസുൽത്താൻ എന്നിവരുടെ ആക്രമണം (ക്രി:1766-1792) മൂലം ക്ഷേത്രത്തിനു സാരമായ കേടുപറ്റി. ക്ഷേത്രം, ടിപ്പുവിന്റെ ആയുധപ്പുരയാക്കി മാറ്റുകയും ചെയ്തു. 1861 ൽ സാമൂതിരി രാജാവ് ക്ഷേത്രത്തിനു വിപുലമായ പുനരുദ്ധാരണം നടത്തുകയുണ്ടായി.                                                                                         
                                                                                    
ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ശംഖചക്രങ്ങൾ ധരിച്ചും, വരദ കടീബദ്ധ മുദ്രകളോടും കൂടിയ ചതുർബാഹുവായ ദുർഗ്ഗയുടേതാണ്. സരസ്വതിയായും സങ്കൽപ്പമുണ്ട്. കിഴക്കോട്ട് ദർശനം. ഗണപതി, അയ്യപ്പൻ, ശ്രീകൃഷ്ണൻ, നാഗങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവരെ ഉപദേവതകളായി പ്രതിഷ്ഠിച്ചിരിയ്ക്കുന്നു.


KODAKARA , THRISOOR, KERALA 





തൃശ്ശൂർ ജില്ലയിൽ കൊടകര പഞ്ചായത്തിൽ കൊടകര പട്ടണത്തിൽ നിന്നും അരകിലോമീറ്റർ വടക്ക് ഭാഗത്താണ് പൂനിലാർകാവ് ഭഗവതിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ‘വനദുർഗ്ഗ’യാണ് എന്നാണ് സങ്കല്പം. 108 ദുർഗ്ഗാലയങ്ങളിൽ വച്ച് പ്രസിദ്ധമായ ‘പൂണൂലിയമ്മ’ എന്ന നാമവും ഈ ദേവിയ്ക്ക് ഉണ്ട്. പ്രതിഷ്ഠാദിനം ഇടവമാസത്തിൽ മകയിരം നക്ഷത്രം ആണ്. ഈ ക്ഷേത്രത്തിന് 2000 വർഷത്തെ പഴക്കമുണ്ട് എന്നാണ് പറയപ്പെടുന്നത്.



ഈ ക്ഷേതത്തിന്റെ ഉൽപ്പത്തിയെപ്പറ്റി കേട്ടിട്ടുള്ളത് ഇങ്ങനെയാണ്: അവതാരപുരുഷനായ ശ്രീപരശുരാമൻ തന്റെ യാത്രാ വേളയിൽ ഇന്ന് ഈ ക്ഷേത്രം നിൽക്കുന്ന സ്ഥലത്തുകൂടി പോകുന്ന സമയത്ത് അതിമനോഹരമായ ഒരു ദിവ്യ തേജസ്സ് കണ്ടു. പ്രസ്തുത തേജസ്സ് ശൈവമോ, വൈഷ്ണവമോ, ശാക്തേയമോ എന്നറിയുന്നതിനായി അടുത്തുള്ള ഒരു പാറയിൽ ശില സ്ഥാപിച്ച് ശൈവമന്ത്രങ്ങളെ ഉരുവിട്ട് ആ തേജസ്സിനെ ആവാഹിച്ചു. എന്നാൽ പ്രസ്തുത തേജസ്സിന് മാറ്റമൊന്നും കണ്ടില്ല. അനന്തരം വേറൊരു ശിലസ്ഥാപിച്ച് വൈഷ്ണവശക്തിയെ ആവാഹിച്ചു. അപ്പോഴും തേജസ്സിന് മാറ്റമൊന്നും കണ്ടില്ല. പിന്നീട് ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ് എന്നീ ദേവന്മാരെയും ശിലയിൽ ആവാഹിച്ചു. എന്നിട്ടും മാറ്റമൊന്നും കാണാതെ സാക്ഷാൽ പരാശക്തിയെ ധാനിച്ച് ഒരു ശിലയിലേക്ക് ആവാഹിച്ചു. ഉടൻ താൻ കണ്ടിരുന്ന തേജസ്സ് ശിലയിൽ ലയിക്കുകയും ഭൂമിയിൽ നിന്നു അതിശക്തയായി ജലം പൊന്തിവരുകയും അതോടെ സ്വയംഭൂവായി ദേവി പ്രത്യക്ഷപ്പെടുകയും ചെയ്തു. അങ്ങനെ ഭാര്ഗ്ഗവ രാമനാൽ പ്രതിഷ്ഠിച്ച ശിലകളെ അധികരിച്ച് ഇവിടെ ക്ഷേത്രം ഉണ്ടായതിനാൽ ഈ ക്ഷേത്രം “പൂനിലാർക്കാവ്” എന്നു പ്രസിദ്ധമായി.                                                                                                                            



പൂനിലാർകാവ് ഭഗവതിക്ഷേത്രം



ക്ഷേത്രമതിൽക്കകത്ത് തെക്ക് വശത്ത് ശ്രീ ധർമ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ശ്രീ ഗണപതി ഭഗവാൻ ചുറ്റമ്പലത്തിനകത്ത് തെക്ക് പടിഞ്ഞാറ് ഭാഗത്ത് കുടികൊള്ളുന്നു. സുബ്രഹ്മണ്യ ക്ഷേത്രം കുന്നുംതൃകോവിൽ എന്ന കുന്നിന്റെ മുകളിൽ സ്ഥിതി ചെയ്യുന്നു. കുന്നതൃകോവിലിന്റെ പിൻവശത്ത് ശ്രീ മഹാദേവന്റെ ക്ഷേത്രമുണ്ട്. ശിവക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് വിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നു. വിഷ്ണു ക്ഷേത്രത്തിന്റെ മതിൽക്കകത്ത് പരശുരാമൻ കിടക്കാൻ ഉപയോഗിച്ച ഒറ്റപ്പാളിക്കല്ലും, തലയ്ക്ക് വച്ച ഉരുളൻ കല്ലും ഇന്നും കിടക്കുന്നു. പരശുരാമൻ ഇവിടെ കുറെ കാലം തപസ്സനുഷ്ടിക്കുകയുണ്ടായി. അദ്ദേഹം വസിച്ചിരുന്ന ഗുഹയും ‘മുനിയറ’ എന്ന പേരിൽ ഇന്നും പൂനിലാർക്കാവ്ക്ഷേത്രത്തിന്റെ കിഴക്കെ ഗോപുരത്തിന് തൊട്ട് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു.                                                                                     
പൂനിലാർക്കാവ് ദേവിക്ഷേത്രത്തിൽ ആണ്ട് വിശേഷങ്ങളിൽ മുഖ്യമായവ തൃക്കാർത്തിക, ആറാട്ടുപുഴ പൂരം പറപ്പുറപ്പാട്, ഉത്രം വിളക്ക്, നവരാത്രി, വാവാറാട്ട്, കൊടകര ഷഷ്ടി എന്നിവയാണ്. ഈ ക്ഷേത്രത്തിന്റെ തൊട്ട് പടിഞ്ഞാറ് ഭാഗത്ത് സർപ്പക്കാവ് സ്ഥിതി ചെയ്യുന്നു. കന്നി മാസത്തിൽ ബ്രഹ്മശ്രീ പാമ്പുംമേയ്ക്കാട് ജാതവേദൻ നമ്പൂതിരിപാടിന്റെ മുഖ്യകർമ്മികത്വത്തിൽ “സർപ്പബലി” നടത്തുന്നു.                                                                                                                    





IDAVA . VARKKALA , THIRUVANANTHAPURAM, KERALA



കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരുദേവീ ക്ഷേത്രമാണ് ഇടവാ പാലക്കാവ് ഭഗവതി ക്ഷേത്രം. വർക്കലയ്ക്കടുത്തുള്ള ഇടവ പഞ്ചായത്തിൽ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഭദ്രകാളി ദേവിയുടെ കിഴക്കു ദർശനമുള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നയ ഈ ക്ഷേത്രം ശ്രീനാരായണ ഗുരു പലവട്ടം സന്ദർശിച്ചിട്ടുണ്ട്.                                                                                                                    

ഇടവാ പാലക്കാവ് ഭഗവതി ക്ഷേത്രം


പ്രധാന പ്രതിഷ്ഠ പാലക്കാവിലമ്മ (ഭദ്രകാളിയുടെ ശാന്തസ്വരൂപം). കിഴക്ക് ദർശനം.                                                                                                                                         

ഉപദേവതകൾ

അന്നപൂർണേശ്വരി, ഗണപതി, നവഗ്രഹങ്ങൾ, ആദിത്യൻ, ഹനുമാൻ, ബ്രഹ്മരക്ഷസ്സ്, യോഗിശ്വരൻ, നാഗരാജാവ്, മാടൻ തമ്പുരാൻ.


മഹാഗണപതിഹോമം, ഗണപതിഭഗവനും ദേവിയ്ക്കും മുഴുക്കാപ്പ്, മൃത്യുഞ്ജയഹോമം, മഹാസുദർശനഹോമം, ശത്രുസംഹാരഹോമം, കളം എഴുത്തും പാട്ടും, നാഗപൂജ, പഞ്ചശിരസ്ഥാനം, നവകം, പഞ്ചഗവ്യം, പഞ്ചവിംശതി കലശാഭിഷേകം, സഹസ്രകലശം, പഞ്ചാമൃതാഭിഷേകം,കലശാഭിഷേകം, കുങ്കുമാഭിഷേകം, കളഭാഭിഷേകം, കഞ്ഞിസദ്യ നേർച്ച, അന്നദാനം, മഹാലക്ഷ്മിപൂജ, ശ്രീവിദ്യാവർദ്ധിനിപൂജ, ആയുരാരോഗ്യപൂജ, ദമ്പതിപൂജ, ശത്രുസംഹാരപൂജ, ഉദയാസ്തമനപൂജ, സർപ്പബലി, തുടങ്ങിയവയും നവഗ്രഹങ്ങളിൽ ഓരോന്നിനും പൂജയും, ഹോമവും, അർച്ചനയും മറ്റ് നിരവധി പൂജകളും ഈ ക്ഷേത്രത്തിൽ നടത്തിവരുന്നു. എല്ലാ ദിവസവും-ഗണപതിഹോമം, മുഴുക്കാപ്പ് പൂജ, ഐശ്വര്യപൂജ, കുടുംബാർച്ചന, അഷ്ടമംഗല്യപൂജ, ഐക്യമത്യസൂക്താർച്ചന, ഭഗവതിസേവ, നവഗ്രഹപൂജ, ഓരോ ഗ്രഹത്തിന് പൂജയും, അർച്ചനയും, തൃമധുരം, ശക്തിപഞ്ചാക്ഷരിപൂജ, വിദ്യാവർദ്ധിനിപൂജ. ക്ഷേത്രതിലെ മുഖ്യമായ വഴിപാടിനം: ഉരുളി പായസം.                                                                    


പാലക്കാവ് ഭഗവതി


രാവിലെ  :
5:00 - നടതുറപ്പ്, നിർമ്മാല്യ ദർശനം തുടർന്ന് അഭിഷേകം, ഗണപതി ഹോമം
6 :30 - നിവേദ്യവും ശീവേലിയും
7 :00 - ഉഷ പൂജ
10 :00 - ഉച്ച പൂജയും
10 :45 - നട അടപ്പ്
വൈകിട്ട്  :
5 :00 - നട തുറപ്പ്
6 :30 - ദീപാരാധന
7 :30 - അത്താഴപൂജയും ശീവേലിയും
8 :00 - നട അടപ്പ്