Powered By Blogger

Sunday 21 December 2014

KUNNINISSERRY , VAYPUR , MALLAPPALLI, PATHANAMTHITTA , KERALA 



പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലുക്കില്‍ മണിമലയാറിന്‍റെ തീരത്തായ്‌ കുന്നിനിശേരി എന്ന പ്രകൃതി രമണീയമായ പ്രദേശം. ഋഗ്വേദ കാലഘട്ടത്തില്‍ ഇവിടെ വായുദേവന്‍റെ ക്ഷേത്രമുണ്ടായിരുന്നെന്നും അങ്ങനെ ഈ സ്ഥലത്തിന് വായുപുരം എന്ന് പേര് ലഭിച്ചു എന്നും പിന്നീട് ഈ പേര് ലോപിച്ച് വായ്പൂരായി എന്നും, മറുപക്ഷം അനുസരിച്ച് വായ്‌ പുകള്‍ അധികമുള്ള ഊര് എന്നും വായ്‌പുകള്‍ എന്നാല്‍ വര്‍ധനവ്‌ അഥവാ ഐശ്വര്യം ഉണ്ടാകുന്ന സ്ഥലം എന്ന അര്‍ത്ഥത്തില്‍ വായ്പൂര് എന്ന സ്ഥലനാമമുണ്ടായി.

തിരുവായ്പ്പൂര്‍ മഹാദേവ ക്ഷേത്രം


മേല്പ്പറഞ്ഞ ക്ഷേത്രഭൂമിയില്‍ ശാസ്ത്രീയമായി നിര്‍മിച്ച ലക്ഷണമൊത്ത ഒരു ശിവലിംഗം കാലപ്പഴക്കത്തിന്‍റെ വെല്ലുവിളികളെ അതിജീവിച്ച് ഇന്നും നിലകൊള്ളുന്നു. കോവില്‍ അഥവാ അമ്പലം എന്നര്‍ത്ഥം വരുന്ന കോവില്‍ (കോയില്‍) എന്ന നാമരൂപത്തില്‍നിന്നും കോവിലകത്ത് എന്നും കാലക്രമത്തില്‍ ലോപം വന്ന് കോലത്ത് എന്നും നാമപരിണാമമുണ്ടായതായി ഇന്നു നാം വിശ്വസിക്കുന്നു. അതുപോലെതന്നെ കോവിലിനു വെളിയില്‍ എന്നര്‍ത്ഥം വരുന്ന കൊവില്‍പുറം എന്ന സ്ഥലം കോയിപ്പുറത്ത് എന്ന നൂതനനാമത്തില്‍ ഇന്നുമുണ്ട്. പ്രശസ്ത പാരമ്പര്യമുണ്ടായിരുന്ന ഒരു മഹാക്ഷേത്രം ഇവിടെ ഉണ്ടായിരുന്നു എന്ന സത്യത്തിലേക്ക് വെളിച്ചം വീശുന്ന തെളിവുകള്‍ ഇനിയുമുണ്ട്. ഇന്നു കാണുന്ന ശിവ ലിംഗത്തിന് ഏതാണ്ട് 15 മീറ്റര്‍ കിഴക്ക് മാറി ഒരു ക്ഷേത്രക്കുളത്തിന്‍റെ സ്ഥാനമുണ്ട് എന്നത് ശ്രദ്ദേയമാണ്.

തിരുവായ്പ്പൂര്‍ മഹാദേവ ക്ഷേത്രം


എണ്ണക്കുള്ള ചേര് എണ്ണച്ചേരി ആകുന്നു. മൂല ക്ഷേത്രം സ്ഥിതി ചെയ്യുന്നിടത്ത് എണ്ണശ്ശേരില്‍ എന്നൊരു സ്ഥലവുമുണ്ട്. ഈ കുടുംബത്തിലെ കാരണവന്മാര്‍ അസാമാന്യ മാന്ത്രികശക്തി ഉള്ളവരായുരുന്നുവത്രെ. ക്ഷേത്രത്തിലേക്കുവേണ്ട എണ്ണ എടുക്കാൻ തേങ്ങ ഉണങ്ങുന്ന ചേര് അവിടെയാണ് തയ്യാര്‍ ചെയ്തിരുന്നത്. മാന്ത്രികന്മാരുടെ ശക്തി ഭയന്ന് മോഷ്ടാക്കള്‍ ഇവിടെ വരുമായിരുന്നില്ല. അതില്‍ ഏറ്റവും വലിയ ചേര് പെരുംചേരിയായി. കൂടാതെ, കുതിരപ്പാടിമണ്ണ്, മാളിയേക്കല്‍ എന്നീ സ്ഥലനാമങ്ങളും ക്ഷേത്രബന്ധമുള്ളവയാണ്. ഒരു കാലത്ത് പ്രതാപത്തിലും ഐശ്വര്യത്തിലും നിലനിന്നിരുന്ന ക്ഷേത്രമായിരുന്നു തിരുവായ്പ്പൂരപ്പന്‍റെ  മൂലക്ഷേത്രം എന്ന് വിശ്വസിക്കാന്‍ ഇതിലധികം തെളിവുകള്‍ ആവശ്യമില്ലല്ലോ.


തിരുവായ്പ്പൂര്‍ മഹാദേവ ക്ഷേത്രം  ബലിക്കല്‍ , കൊടിമരം 

 ഉത്സവം

തൃക്കൊടിയേറ്റ് - ശ്രീപരമശിവന്റെ തിരുനാളായ ധനുമാസത്തിലെ തിരുവാതിരയാണ് വായ്പൂര് ശ്രീ മഹാദേവര്‍ക്ഷേത്രത്തിലെ കൊടിയേറ്റ്. അന്നേ ദിവസം ദീപാരാധനയ്ക്കു ശേഷം കൊടിയേറ്റ് നടത്തുന്നു. ഇതിനു പ്രത്യേക മുഹൂര്‍ത്തം നോക്കാറില്ല. മറ്റു ചില ക്ഷേത്രങ്ങളില്‍ മുഹൂര്‍ത്തം നിര്‍ണയിച്ചതിനു ശേഷമാണ് കൊടിയേറുന്നത്. കൊടിയേറ്റിന് മുന്നോടിയായി കുളത്തൂര്‍ദേവിക്ഷേത്രസന്നിധിയില്‍ നിന്നും ഭക്തി നിര്‍ഭരമായ കാവടി ഘോഷയാത്രയും പതിവായി ആചരിച്ചു വരുന്നു. കൊടിയേറ്റിന് മുന്നോടിയായി മുന്‍പ് ക്ഷേത്രം നിലകൊണ്ടിരുന്ന കോലത്ത് എന്ന മൂലസ്ഥാനത്ത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിലക്കുവയ്പ്പ് ചടങ്ങ് നടത്തുന്നു. കൊടിയേറ്റു ദിവസം ശ്രീഭൂതബലി, അത്താഴപൂജ എന്നിവയ്ക്ക് ശേഷം നടയടച്ച് ഒന്നാം ഉത്സവം സമാപിക്കുന്നു. രണ്ടും മൂന്നും ദിവസങ്ങളില്‍ ഉഷപൂജ, നവകം, ശ്രീഭൂതബലി, ഉച്ചപൂജ എന്നിവ ഉച്ചയ്ക്കു മുന്‍പും ദീപാരാധന, ശ്രീഭൂതബലി, അത്താഴപൂജ എന്നിവ വൈകുന്നേരവും നടത്തുന്നു.

നാലാം ഉത്സവം (അഹസ്സ്)

രാത്രിയിലെ ശ്രീഭൂതബലി വരെ പതിവ് ചടങ്ങുകളും അതിനു ശേഷം അഹസ്സ് എന്ന വിശേഷാല്‍ പൂജയും നടക്കുന്നു. അഹസ്സ് എന്ന് പേരുള്ള ചടങ്ങ് ഉല്‍സവബലിക്കു സമാനമാണ്. ഈ ചടങ്ങ് രാത്രിയില്‍ മറ്റു ക്ഷേത്രങ്ങളിലെങ്ങും ഉള്ളതായി അറിവില്ല. നാലമ്പലത്തിനുള്ളില്‍ സപ്തമാതൃക്കള്‍ക്കരികെ പശ്ചിമാഭിമുഖമായി അലങ്കരിച്ച മണ്ഡപത്തില്‍ (പഴുക്കാമണ്ഡപം) എഴുന്നെള്ളിയിരിക്കുന്ന ഭഗവാന്റെ മുന്‍പില്‍ നടക്കുന്ന പൂജയാണ് അഹസ്സ്. ഈ ചടങ്ങ് ആണ്ടുതോറും 1771 നമ്പര്‍ മംഗളോദയം എന്‍. എസ്. എസ് കരയോഗം വഴിപാടായി നടത്തുന്നു. അഹസ്സ് ദര്‍ശനത്തിനായി അനേകം ഭക്തജനങ്ങള്‍ എത്താറുണ്ട്. ഇതോടൊപ്പംതന്നെ ഉത്സവബലിയും ഭക്തജനങ്ങള്‍ വഴിപാടായി നടത്തപ്പെടുന്നു.

ഭഗവാന്റെ അഞ്ചാം പുറപ്പാടും ആറാം പുറപ്പാടും (നല്ലുശ്ശേരി, കോവില്‍വട്ടം, കുളത്തൂര്‍പ്രയാര്‍)

ശ്രീഭൂതബലിക്ക്ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭഗവാന്‍ കിഴക്കേ ഗോപുരം കടന്ന് ആല്‍ത്തറവരെ എത്തുന്നു. തിരിച്ച് ക്ഷേത്രത്തിനകത്ത് എഴുന്നെള്ളിച്ച് ഉച്ചപൂജ നടത്തുന്നു. അന്നേ ദിവസം മുതല്‍ ദേശാധിപത്യമുള്ള കരകളിലേക്ക് ഊരുവലത്ത് ആരംഭിക്കുന്നു. നല്ലുശ്ശേരി, കോവില്‍വട്ടം ഭാഗങ്ങളില്‍ അഞ്ചാം ഉത്സവത്തിനും, കുളത്തൂരിനെയും താഴത്തുവടകരെയെയും വേര്‍തിരിക്കുന്ന കടലാടിപ്പാലം ഭഗവാന്റെ യാത്രയുടെ അതിരായി കണക്കാക്കി ആറാം പുറപ്പാട് കുളത്തൂര്‍പ്രയാര്‍ കരയിലേക്കും എഴുന്നെള്ളിക്കുന്നു.

ഏഴാം പുറപ്പാട് - ചെറുതോട്ടു വഴി

എഴുന്നെള്ളിപ്പു കരകളില്‍ വിസ്തീര്‍ണ്ണം കൊണ്ടും ഭക്തജനബാഹുല്യം കൊണ്ടും മുന്‍പന്തിയില്‍ നില്ക്കുന്നത് വായ്പൂര് എന്നറിയപ്പെടുന്ന ചെറുതോട്ടുവഴി പ്രദേശമാണ്. പൗരാണികവും പ്രശസ്തവുമായ മംഗലത്തുകുടുംബക്കാര്‍ ഈ ക്ഷേത്രത്തില്‍ നടത്തിവരുന്ന ശിവരാത്രിപൂജ ചെറുതോട്ടുവഴിക്കാര്‍ക്ക് ക്ഷേത്രവുമായുള്ള ബന്ധത്തിന് ഒളിമങ്ങാത്ത ഒരു തെളിവായി ഇന്നും നിലനില്ക്കുന്നു. ഓരോ വര്‍ഷവും വൃശ്ചികമാസം 28 ന് വായ്പൂര് മഹാദേവര്‍ക്ഷേത്രത്തിലെ മണ്ഡലഭജന വഴിപാട് ചെറുതോട്ടുവഴിക്കാര്‍ നടത്തിവരുന്നു. ഈ സുദിനവും ഒരു പ്രാദേശിക ഉത്സവുമായാണ്‌ ഭക്തജനങ്ങള്‍ കൊണ്ടാടുന്നത്. ഏഴാം പുറപ്പാടിനായി ആബാലവൃദ്ധം ജനങ്ങളും ക്ഷേത്രദര്‍ശനം നടത്തി തിരുവായ്പ്പൂരപ്പനെ തങ്ങളുടെ കരയിലേക്ക് എഴുന്നെള്ളിക്കുകയും വാദ്യഘോഷങ്ങലുടെയും വിവിധ തരത്തിലുള്ള ആഘോഷങ്ങളുടെയും അകമ്പടിയോടെ വഴിപാടുകള്‍ സമര്‍പ്പിച്ച് ഭക്ത്യാദരപൂര്‍വം തിരിച്ചെഴുന്നെള്ളിക്കുന്നു.


         തിരുവായ്പ്പൂര്‍ മഹാദേവ ക്ഷേത്രക്കവാടം


എട്ടാം പുറപ്പാട് - ആനിക്കാട്

എട്ടാം ദിവസത്തെ ഊരുവലത്തിന് ഒരു പ്രത്യേകതയുണ്ട്. പാര്‍വതി ദേവിയുടെ ദര്‍ശനാര്‍ത്ഥം ഉടയാടയും മറ്റുമായി ആനിക്കാട്ടിലമ്മക്കാവിലേക്ക് ഭഗവാന്‍ എഴുന്നെള്ളുന്നു എന്നാണു സങ്കല്‍പ്പം. ക്ഷേത്രത്തിലെത്തുന്ന മഹാദേവന്‍ ദേവീതൃപ്പൂത്തായതിനാല്‍ ശ്രീകോവിലില്‍ കടക്കാതെ നമസ്ക്കാര മണ്ഡപത്തില്‍ കഴിഞ്ഞുകൂടുകയും ഇരു ക്ഷേത്രങ്ങളിലെയും മെല്‍ശാന്തിമാര്‍ ദീപാരാധനയും അത്താഴപൂജയും നടത്തിയതിനുശേഷം നാമമാത്ര തീവെട്ടിയും ചുരുങ്ങിയ മേളത്തോടുംകൂടി തിരികെ എഴുന്നെള്ളി ശ്രീഭൂതബലിക്കുശേഷം നടയടയ്ക്കുന്നു.

ഒന്‍പതാം പുറപ്പാട് - കുന്നിനിശ്ശേരി

പള്ളിവേട്ട ദിവസമായ ഒന്‍പതാം ഉത്സവത്തിന്‌ രാവിലെത്തെ ശ്രീഭൂതബലിക്കുശേഷം കാഴ്ചശ്രീബലി, അതിനുശേഷം ഉച്ചപൂജയോടെ നടയടക്കുന്നു. സായാഹ്ന സമയത്ത് ക്ഷേത്രമിരിപ്പുകരയായ കുന്നിനിശ്ശേരി ഭാഗം ചുറ്റി തേലപ്പുഴക്കടവിലെത്തുന്ന ദേവനെ കീഴ്ത്രിക്കേല്‍ ക്ഷേത്രത്തില്‍ നിന്നും നാട്ടുകാര്‍ ഭക്തിപൂര്‍വ്വം എതിരേറ്റ് ക്ഷേത്രത്തിലേക്ക് ആനയിക്കുന്നു.

തിരുആറാട്ട്‌

ആറാട്ട്‌ ദിവസം രാവിലെ എട്ടുമണിക്ക് ശേഷമേ നടതുരക്കാറുള്ളൂ. ആ സമയത്ത് ഭഗവാന് കണിദര്‍ശനത്തിനായി പശുക്കിടാവിനെ സോപാനത്തില്‍ നിര്‍ത്തുന്നു. തലേദിവസത്തെ നായാട്ടു നടത്തി ക്രുദ്ധ ഭാവത്തോടെ പള്ളിയുറക്കമുണരുന്ന ഭഗവാനെ ശാന്ത ഭാവത്തിലേക്ക് കൊണ്ടുവരുന്നതിനാണ് കണിദര്‍ശനം എന്ന് പഴമക്കാര്‍ വിശ്വസിക്കുന്നത്. അതിനു ശേഷം അലങ്കാര പൂജയോടുകൂടി നടയടയ്ക്കുന്നു. വൈകിട്ട് 5 മണിക്ക് നടതുറന്ന് ശ്രീഭൂതബലിയ്ക്കു ശേഷം കൊടിയിറക്കി ആറാട്ടുകടവിലേക്ക് പുറപ്പെടുന്നു. അവിടുത്തെ പൂജകള്‍ക്കും ആറാട്ടിനും ശേഷം വാദ്യമേളങ്ങളുടെയും പൂത്താലങ്ങളുടെയും തീവെട്ടിയുടെയും ഗജവീരന്മാരുടെയും അകമ്പടിയോടുകൂടി ക്ഷേത്രഗോപുരോഭാഗത്തുള്ള ആനക്കൊട്ടിലിലെത്തി വലിയകാണിയ്ക്കയ്ക്ക് ശേഷം അകത്തെഴുന്നെള്ളിച്ച്‌ ആശുകൊട്ടി നടയടയ്ക്കുകയും അല്പ്പസമയത്തിനു ശേഷം ഉത്സവാദി ചടങ്ങുകള്‍ക്ക്‌ എന്തെങ്കിലും അപാകതകള്‍ അറിഞ്ഞോ, അറിയാതെയോ ഉണ്ടായെങ്കില്‍ അതിനു മാപ്പുനല്‍കണമെന്ന് അപേഷിച്ച്‌ ക്ഷേത്രഭാരവാഹികളുടെ ദക്ഷിണയോടുകൂടി ഉത്സവം പര്യവസാനിക്കുന്നു.


VEMBINKULANGARA, NETTASSERI, KUMARANELLUR , KOTTAYAM ,KERALA 



വേമ്പിന്‍ കുളങ്ങര മഹാവിഷ്ണു ക്ഷേത്രം


കേരളത്തിലെ കോട്ടയം ജില്ലയില്‍ കുമാരനല്ലൂര്‍ പഞ്ചായത്തിലെ നെട്ടാശ്ശേരി എന്ന ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന പുണ്യപുരാതന മഹാവിഷു ക്ഷേത്രമാണ് വേമ്പിന്‍ കുളങ്ങര മഹാവിഷ്ണു ക്ഷേത്രം .                                                                   

                      വേമ്പിന്‍ കുളങ്ങര മഹാവിഷ്ണു ക്ഷേത്രം



മീനച്ചിലാറിന്‍റെയും  മീനന്തറയാറിന്‍റെയും  മദ്ധ്യേ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഭൂപ്രദേശം നട്ടാശ്ശേരി, പ്രസ്തുത ദേശത്തിന്‍റെ മദ്ധ്യത്തില്‍ കുടികൊള്ളുന്ന വേമ്പിന്‍കുളങ്ങര, ശ്രീ മഹാവിഷ്ണു ക്ഷേത്ര സാന്നിദ്ധ്യംകൊണ്ട് അവിടം കോട്ടയം താലൂക്ക് മുഴുവന്‍ അറിയപ്പെടുന്ന ധന്യ സങ്കേതമാണ്.        
                                                                                                                    
 വേമ്പിന്‍ കുളങ്ങര മഹാവിഷ്ണു ക്ഷേത്രം  ശ്രീകോവില്‍ 



ക്ഷേത്രേശരായ പരസഹസ്രം ജനങ്ങള്‍ക്ക് ആശയഭിലാഷങ്ങള്‍ പൂര്‍ത്തീകരിച്ചും, സുസ്ഥിതിയും, മനഃശാന്തിയും പുത്രമിത്രധനധാന്യ സമ്പത്തും നല്കി വിരാജിക്കുന്ന ദേവന്‍റെ  തിരുസന്നിധിയിലെത്തി നിര്‍വൃതി അടയുന്നു ..

 വേമ്പിന്‍ കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഗരുഡ സന്നിധി


ക്ഷേത്രത്തിലെ മുഖ്യ ഉത്സവം ആണ്ടു ഉത്സവം ആണ് . മേടമാസത്തിലെ വിഷുവിനാണ് ഈ മഹോത്സവം . 14 ദിവസത്തെ വിശേഷമാണ് ഈ വേളയില്‍ കൊണ്ടാടപ്പെടുന്നത്.                                                                                                                      


VELLINALLUR , CHADAYAMANGALAM , KOLLAM ,KERALA 



കൊല്ലം-തിരുവനന്തപുരം ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ ഇത്തിക്കര ആറിന്‍റെ ഏറ്റവും വീതി കൂടിയതും, വീതി കുറഞ്ഞതുമായ ഭാഗവും, മൂന്നു വശവും ഇത്തിക്കരആറാല്‍ ചുറ്റപ്പെട്ട, പ്രകൃതി സൌന്ദര്യം നിറഞ്ഞു നില്കുന്നതുമായ ഒരു മഹാ ക്ഷേത്രമാണ് വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം. ഭഗവാന്‍ ശ്രീരാമന്‍റെ പാദ സ്പര്‍ശമേറ്റു പുണ്യഭൂമിയായ ഇവിടം രാമായണത്തിലെ നിരവധി ഇതിഹാസങ്ങള്‍ക്ക് ചരിത്ര സാക്ഷ്യം വഹിക്കുന്നുണ്ട്.                                                                                                                        


വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം മുന്‍വശം 


തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ഈ ക്ഷേത്രത്തിലെ ചെമ്പ് മേഞ്ഞ വൃത്ത ശ്രീകോവിലിനുള്ളിലെ പ്രധാന പ്രതിഷ്o കിഴക്കോട്ടു ദര്‍ശനമായിരിക്കുന്ന ശ്രീരാമനാണ്. ഇതേ കോവിലില്‍ തന്നെ പടിഞ്ഞാറോട്ട് ദര്‍ശനമായി ലക്ഷ്മണന്‍ അനന്തഭാവത്തില്‍ കുടി കൊള്ളുന്നു. ക്ഷേത്രത്തില്‍ നാലു നേരം പൂജയും നിത്യ ശീവേലിയും ഉണ്ട്. തന്ത്രം കുഴിക്കട്ടില്ലം. മേടത്തിലെ തിരുവോണം മുതല്‍ 10 ദിവസം കൊടിയേറ്റ് ഉത്സവമാണ്. പ്രധാന നൈവേദ്യം പാല്‍പായസം. ആനക്കൊട്ടില്‍, ബലിക്കല്‍പുര, നാലമ്പലം, നമസ്കാര മണ്ഡപം, വലിയമ്പലം, തിടപ്പള്ളി, ഇവയെല്ലാം ഉള്ള ക്ഷേത്രത്തില്‍ നിത്യവും നൂറു കണക്കിന് ഭക്തര്‍ ദര്‍ശനത്തിനെത്തുന്നു.                                                                                                 
                                                                                       
നിരവധി ചരിത്ര പ്രാധാന്യവും, ഐതിഹ്യങ്ങള്‍ക്ക് പേര് കേട്ടതുമാണ് വെളിനല്ലൂര്‍ ശ്രീരാമ ക്ഷേത്രവും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും. രാമായണ കഥയുമായി ബന്ധമുള്ള സ്ഥലങ്ങള്‍ നിരവധിയാണ്. സുഗ്രീവന്‍ വാണ സ്ഥലം 'ഉഗ്രംകുന്ന്' ആയും ബാലി വസിച്ച സ്ഥലം 'ബാലിയാന്‍കുന്ന്' ആയും ജടായുവുമായി പോര് നടന്ന സ്ഥലം 'പോരേടം' ആയും ജടായുവിന്‍റെ ചിറകറ്റു വീണ സ്ഥലം ജടായുമംഗലം എന്ന ചടയമംഗലം എന്നും കണക്കാക്കപ്പെടുന്നു.
ശ്രീരാമചന്ദ്രന്‍ വനവാസക്കാലത്ത് സീതയെ അന്വേഷിച്ചു അലയുമ്പോള്‍ വെളിനല്ലൂരിലെ ഉഗ്രംകുന്നില്‍ വരികയും സുഗ്രീവന്‍റെ വാസസ്ഥലമായ ഇവിടെ വന്നു അദ്ദേഹത്തെ പരിചയപ്പെടുകയും ചെയ്തു. 

വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം വശം 


ബാലിയെ ഭയന്ന് കഴിയുന്ന സുഗ്രീവനെ ബാലിയില്‍ നിന്നും രക്ഷപെടുത്താമെന്നു ശ്രീരാമനും, അതിനു പ്രത്യുപകാരമായി സീതയെ അന്വേഷിച്ചു കണ്ടെത്താമെന്ന് സുഗ്രീവനും സമ്മതിക്കുന്നു. എന്നാല്‍ ബാലിയെ വധിക്കുവാന്‍ ആര്‍ക്കും സാധിക്കയില്ലെന്നു സുഗ്രീവന്‍ ഉറച്ചു വിശ്വസിച്ചിരുന്നു, കാരണം ബാലിയുമായി ഏറ്റുമുട്ടുന്ന ആളിന്‍റെ ബലം കൂടി ബാലിയില്‍ എത്തിച്ചേരുമെന്ന കാര്യം സുഗ്രീവന് അറിയാമായിരുന്നു, അദ്ദേഹം ഇക്കാര്യം ശ്രീരാമചന്ദ്രനോട് പറയുകയുണ്ടായി. എന്നാല്‍ മലംച്ചുഴിയില്‍ നില്‍ക്കുന്ന സപ്തസാലങ്ങളും ഒരു അമ്പു കൊണ്ട് എയ്തു വീഴ്ത്തുവാന്‍ കഴിയുമെങ്കില്‍ ബാലിയെ വധിക്കുവാനും അങ്ങേയ്ക്ക് കഴിയുമെന്ന് സുഗ്രീവന്‍ അറിയിച്ചു.                                                                           

ജലത്തില്‍ വളയം ഇട്ടുകിടക്കുന്ന ഒരു സര്‍പ്പത്തിനന്‍റെ പുറത്താണ് ഈ ഏഴു സാലങ്ങള്‍ നില്‍ക്കുന്നതെന്ന് അറിയാമായിരുന്ന ഭഗവാന്‍ ഒരു അമ്പു കൊണ്ട് സര്‍പ്പത്തെ കുത്തുന്നു, അതോടെ സര്‍പ്പം നീണ്ടു നിവരുകയും സപ്തസാലങ്ങള്‍ ഒരു വരിയായി നിവര്‍ന്നു വരികയും ചെയ്തു. ഏഴു മരങ്ങളും ഒരു വരിയില്‍ ആയതോടെ ശ്രീരാമചന്ദ്രന്‍ അമ്പു എയ്തു ഏഴു സാലങ്ങളെ മറികിടക്കുന്നു. ഈ സ്ഥലമാണ് വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിനു മുമ്പില്‍ ഇന്ന് കാണുന്ന മലംച്ചുഴി, ഇത് ഇത്തിക്കര ആറിന്‍റെ ഏറ്റവും ആഴമേറിയ സ്ഥലമായി കണക്കാക്കുന്നു. ഈ സ്ഥലത്തിന്‍റെ ആഴം ഇതുവരെയും ആര്‍ക്കും തിട്ടപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടില്ല.
"സപ്തസാലമേഴുമങ്ങൊരമ്പുകൊണ്ട് സത്വരം ക്ലിപ്തമായ് പിളര്‍ന്നു നീ മുകുന്ദ രാമ പാഹിമാം"
സന്ധ്യാനാമം ജപിക്കുമ്പോള്‍ ഈ വരികള്‍ വരികള്‍ വെളിനല്ലൂര്‍ ശ്രീരാമക്ഷേത്രത്തിന്‌ മുമ്പിലെ മലംച്ചുഴിയെയാണ് പ്രധിനിധാനം ചെയ്യുന്നത്.
വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം വലതു വശം  


ഇണ്ടിളയപ്പന്‍ ക്ഷേത്രം

ഇണ്ടിളയപ്പന്‍ ക്ഷേത്രം ശ്രീരാമ ക്ഷേത്രത്തിന്‍റെ തെക്ക് വശത്തായി സ്ഥിതി ചെയ്യുന്നു. ഇണ്ടിളയപ്പന്‍ പ്രതിഷ്ട്ടയാണ് ഇവിടുത്തെ സ്വയം ഭൂവായ ആദ്യ ക്ഷേത്രം. മീനത്തിലെ കാര്‍ത്തിക മുതല്‍ 8 ദിവസത്തെ നായ്‌ വെയ്പ്പ് ഉത്സവം. ഈ രോഹിണി ഉത്സവ നാളില്‍ വെളുപ്പിന് ഇവിടെ മുസ്ലിം സമുദായക്കാര്‍ മത്സ്യ വ്യാപാരം നടത്തുന്നു. ഈ അപൂര്‍വമായ ആചാരം കേരളത്തില്‍ ഇവിടെ മാത്രമാണ് ഉള്ളത്. അന്നേ ദിവസം ഉപ്പും, ചുണ്ണാമ്പും വാങ്ങുന്ന ആചാരവും ഉണ്ട്. അന്നേ ദിവസം എല്ലാ മതസ്ഥര്‍ക്കും ക്ഷേത്ര ദര്‍ശനം അനുവദിച്ചിട്ടുണ്ട്. ഭരണി നാളില്‍ വേടര്‍ സമുദായക്കാരുടെ പൊങ്കാല, കാര്‍ത്തിക നാളില്‍ കുറവര്‍ സമുദായക്കാരുടെ തലയാട്ടം കളി എന്നിവയും ഉണ്ട്. വെളാര്‍ സമുദായക്കാര്‍ കളി മണ്ണ് കൊണ്ട് നായ്‌ രൂപമുണ്ടാക്കി ശ്രീകോവിലില്‍ ഏല്‍പ്പിക്കുന്ന ചടങ്ങ് ഉള്ളത് കൊണ്ടാണ് ഇത് നായ്‌ വെയ്പ്പുല്സവമായി അറിയപ്പെടുന്നത്.                                                               



                               ഇണ്ടിളയപ്പന്‍ ക്ഷേത്രം



ദേവി ക്ഷേത്രം

ഉഗ്ര ശക്തി സ്വരൂപിണിയായ ദേവി ക്ഷേത്രത്തിന്‍റെ തെക്ക് - കിഴക്ക് ഭാഗത്തായി കുടികൊള്ളുന്നു.                                                                                                                        

                                               ദേവി ക്ഷേത്രം



നാഗരാജ ക്ഷേത്രം

ക്ഷേത്ര മുറ്റത്ത് ആദ്യം കാണുന്നത് നാഗരാജാ ക്ഷേത്രമാണ്. അപൂര്‍വ ശക്തിയുള്ള നാഗരാജാവ്. കേരളത്തില്‍ അപൂര്‍വ്വമായി മാത്രമേ ശ്രീകോവിലില്‍ നാഗരാജാവ് കുടികൊള്ളുന്നുള്ളൂ എന്ന പ്രത്യേകതയും ഇവിടെ ഉണ്ട്. അത്രയും ഉഗ്രമൂര്‍ത്തിയായ സ്വരൂപമാണ് ഇവിടെയുള്ളത്. ദേവപ്രശ്നത്തില്‍ ക്ഷേത്രം തന്ത്രി ശീവേലിക്ക് തൂവുമ്പോള്‍ ഒരു സര്‍പ്പം അത് തടസ്സപ്പെടുത്തിയെന്നും അതിന്‍റെ ആവശ്യം മനസ്സിലാക്കിയ തന്ത്രി ആ സര്‍പ്പത്തെ ശ്രീകോവില്‍ കെട്ടി അതില്‍ കുടിയിരുത്തി എന്നുമാണ് പറയപ്പെടുന്നത്. കന്നി മാസത്തിലെ ആയില്യം ഇവിടെ വളരെ പ്രാധാന്യമുള്ളതാണ്.                                                                                                  

നാഗരാജ ക്ഷേത്രം




മാടസ്വാമി

മാടസ്വമി ക്ഷേത്രത്തിന്‍റെ തെക്ക് - പടിഞ്ഞാറു ഭാഗത്തായി ഭാഗത്തായി കുടികൊള്ളുന്നു.

                         
                                                  മാടസ്വാമി



ഹനുമാന്‍ ക്ഷേത്രം

ശ്രീരാമ ദാസനായ ഹനുമാന്‍ സ്വാമി ക്ഷേത്രത്തിന്‍റെ വടക്ക് വശത്ത് ചൈതന്യവനായി കുടികൊള്ളുന്നു. ക്ഷേത്രത്തിലേക്ക് എത്തുന്നതിനു മുന്‍പ് 50 മീറ്റര്‍ ദൂരത്തിലാണ് ഹനുമാന്‍ ക്ഷേത്രം. ഹനുമാന്‍ സ്വാമിയെ തോഴുതിട്ടേ ശ്രീരാമസ്വാമിയെ ദര്‍ശിക്കാവൂ എന്നാണ് വിശ്വാസം. എത്ര ദുഷ്ക്കരമായ കാര്യങ്ങളിലും തന്‍റെ ഭക്തനെ സഹായിക്കുന്ന ഹനുമാന്‍സ്വാമിയ്ക്ക് വിദൂര സ്ഥലങ്ങളില്‍ നിന്ന് പോലും ഭക്ത ജനങ്ങള്‍ എത്തി കാര്യപ്രാപ്തി നേടിയതില്‍ സന്തോഷിച്ച് വടമാല, വെറ്റിലമാല, നാരങ്ങ വിളക്ക് എന്നിവ ധാരാളം സമര്‍പ്പിക്കാറുണ്ട്.                                                                                                                    

ഹനുമാന്‍ ക്ഷേത്രം





                           ക്ഷേത്രക്കുളം 



ഹരേ രാമാ
ഹരേ രാമാ
രാമ രാമ
ഹരേ ഹരേ
ഹരേകൃഷ്ണ
ഹരേകൃഷ്ണ
കൃഷ്ണ കൃഷ്ണ
ഹരേ ഹരേ


KERALAPURAM, EDAVATTOM,  VELLIMON,KOLLAM ,KERALA 



പൂജപ്പുര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കേരളത്തിലെ കൊല്ലം ജില്ലയിലെ  വെള്ളിമണ്ണ്‍ എന്ന ഗ്രാമത്തിനു സമീപം ഉള്ള എടവട്ടം  (കേരളപുരം ) എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു .                                                                                              

പൂജപ്പുര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം


പ്രധാന പ്രതിഷ്ഠ സുബ്രഹ്മണ്യസ്വാമി . ഇവിടെ ജാതി മത ഭേതമില്ല . എല്ലാ മതസ്ഥരും സ്വാമിയുടെ അനുഗ്രഹത്തിനായ് എത്തുന്നു .  ഭക്തര്‍ മനമുരുകി വിളിച്ചാല്‍ വിളിപ്പുരതെത്തുന്ന ദേവനാണ് പൂജപ്പുരേശ്വരന്‍.


പൂജപ്പുര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം   ശീവേലി 


പൂജപ്പുര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഉള്‍വശം



  പ്രധാന ആഘോഷം തൈ പൂയം  . അന്ന് പറക്കും കാവടി ,കാവടിയാട്ടം , മയിലാട്ടം തുടങ്ങിയ കലാപരിപാടികളും പ്രത്യേക പൂജകളും നടക്കാറുണ്ട് . പങ്കുനി ഉത്രവും കൊണ്ടാടപ്പെടുന്നു .