Powered By Blogger

Saturday 18 October 2014

വലിയ കൂനമ്പായിക്കുളം ക്ഷേത്രം
Valiya Koonambayee Kulam Devi Temple, Vadakkevila, Kollam.

ദക്ഷിണകേരളത്തിലെ ചരിത്രപ്രസിദ്ധമാർന്ന വലിയ കൂനമ്പായിക്കുളം ക്ഷേത്രം കൊല്ലം ജില്ലയിലെ പള്ളിമുക്കിൽ നിന്ന് ഒരു കി.മീ. വടക്കുകിഴക്കായി വടക്കേവിളയിൽ സ്ഥിതി ചെയ്യുന്നു. തിരുവനന്തപുരത്തുനിന്ന് ഏതാണ്ട് 62 കി.മീ. അകലെയാണ് ഈ ക്ഷേത്രം.വടക്കോട്ടായി ദർശനമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീ ഭദ്രകാളിയാണ്. ഏറെ വർഷങ്ങൾക്കു മുമ്പ് പനങ്കാവ് ക്ഷേത്രം എന്നറിയപ്പെട്ടിരുന്നു തച്ചുശാസ്ത്രവിധി പ്രകാരം കൃഷ്ണശിലയിൽ പണിതീർത്തതും ദേവീഹിതമനുസരിച്ച് മേൽക്കൂരയില്ലാത്തതുമായ ശ്രീകോവിലാണ് ക്ഷേത്രത്തിൻറേത്. ദേവിയോടൊപ്പം മഹാഗണപതിയും ബ്രഹ്മരക്ഷസ്സും യോഗീശ്വരനും കണ്ഠാകർണ്ണനും വീരഭദ്രനും പിന്നെ യക്ഷിയമ്മയും കുടികൊള്ളുന്നു. ഇവിടുത്തെ നാഗരാജാവും നാഗയക്ഷിയും രാഹുദോഷങ്ങൾ മാറ്റുമെന്നും മംഗല്യദോഷങ്ങളകറ്റുമെന്നും വിശ്വാസമുണ്ട് .ആൽമരങ്ങളും പനകളും ആറാട്ടുകുളവും വിദ്യാലയങ്ങളും ഗുരുമന്ദിരവുമെല്ലാം ക്ഷേത്രത്തിൻറെ ആത്മീയാന്തരീക്ഷത്തെ സമ്പന്നമാക്കുന്നു. ഈ ക്ഷേത്രവും കൊടുങ്ങല്ലൂരിലെ ഭഗവതി ക്ഷേത്രവും കോഴിക്കോട്ടെ പിഷാരിക്കാവും പണികഴിക്കപ്പെട്ടത് ഏതാണ്ട് ഒരേ കാലത്താണ്. കേരളത്തിൻറെ സാംസ്കാരിക ചരിത്രത്തിൽ ഈ മൂന്ന് ക്ഷേത്രങ്ങൾക്കും പ്രധാന സ്ഥാനമാണുള്ളത്. ഈ മൂന്ന് ക്ഷേത്രങ്ങളും തുല്യ അകലത്തിൽ സ്ഥിതി ചെയ്യുന്നു.ഇവയ്ക്ക് കടലുമായുള്ള അകലവും തുല്യം തന്നെ.

കൂനമ്പായിക്കുളത്തെ ദേവീസാന്നിദ്ധ്യത്തിന് നൂററാണ്ടുകൾ പഴക്കമുണ്ട്. ചേരൻമാരുടെ യുദ്ധദേവതയായിരുന്ന കൊറ്റവൈയുടെ മേൽക്കൂരയില്ലാത്ത ക്ഷേത്രമായിരുന്നു ഇവിടം. പിന്നീടുണ്ടായ തകർച്ചയ്ക്കും ആക്രമണങ്ങൾക്കും ശേഷം ഇത് പനങ്കാവ് ക്ഷേത്രം എന്നറിയപ്പെട്ടു.വേണാട്ടു രാജാക്കൻമാരുടെ ഭരദേവതയായിരുന്നു പനങ്കാവമ്മ. അന്ന് കൊല്ലം പട്ടണത്തിൻറെ ഒരു ദിവസം തുടങ്ങുന്നത് പനങ്കാവിലമ്മയെ തൊഴുതുകൊണ്ടാണ്.ക്ഷേത്രത്തിനു ചുറ്റുമായി പനങ്കാവ് കോട്ടയും കൊട്ടാരവും കടലിനാൽ ചുറ്റപ്പെട്ടുണ്ടായിരുന്നു. എ.ഡി.1681ലെ ഡച്ചാക്രമണത്തോടെ ഈ ക്ഷേത്രവും തകർന്നു പോയി .എങ്ങനെയോ കടലിൻറെ ഭാഗവും വറ്റിമാറി. വർഷങ്ങൾക്കുശേഷം ഈ പ്രദേശത്ത് ഭദ്രകാളിയുടെ ഒരു കാവ് നിർമ്മിക്കപ്പെട്ടു.പനങ്കാവ് എന്നായിരുന്നു കാവ് അറിയപ്പെട്ടിരുന്നത്.അനേകം വർഷങ്ങൾക്കു ശേഷം ഇത് പുതുക്കിപ്പണിഞ്ഞാണ് ഇന്നത്തെ ക്ഷേത്രമായത്.

ഡച്ചുകാരുടെ ആക്രമണത്തിനു ശേഷം നിർമ്മിക്കപ്പെട്ട ഈ കാവിനു മുമ്പിൽ വിശാലമായ ഒരു കുളമുണ്ടായിരുന്നു. കൂരമ്പ എന്നും അറിയപ്പെട്ടിരുന്ന ഭദ്രകാളിയുടെ ഈ കാവ് അങ്ങനെ കൂരമ്പക്കാവ്കുളം എന്ന് വിളിക്കപ്പെട്ടു.കാലാന്തരത്തിൽ കൂരമ്പക്കാവ് കുളം എന്നത് കൂനമ്പക്കാവ് കുളം എന്നും പിന്നീട് കൂനമ്പായിക്കുളം ആയി മാറി എന്നും കരുതുന്നു .
ചിലപ്പതികാരം കഥയുമായി സാദൃശ്യമുള്ള ഐതീഹ്യം. ശ്രീ ഭദ്രകാളി ദാരികനിഗ്രഹത്തിനു ശേഷം ശിവൻറെ താൽപര്യത്തിൽ ഒരു പെൺകുഞ്ഞായി ജന്മമെടുത്തു.ആ കുട്ടിയെ വളർത്തിയത് തെക്കൻ കൊല്ലത്തെ നാരായണർ ആയിരുന്നു.ദേവിയുടെ സാന്നിദ്ധ്യം കൊല്ലത്തിൻറെ സമ്പത്തും ഐശ്വര്യവും വർദ്ധിച്ചു. വടക്കൻ കൊല്ലത്തെ (കോഴിക്കോട്) പാലകൻ ദേവിയെ വിവാഹം ചെയ്തു.വ്യാപാരത്തിനായി പാലകൻ പാണ്ഡ്യൻ നാട്ടിലെത്തി.അവിടെ പാണ്ഡ്യരാജാവ് തൻറെ ഭാര്യയുടെ ചിലംബ് പാലകൻ മോഷ്ടിച്ചുവെന്ന് വരുത്തിത്തീർത്തു.അങ്ങനെ മോഷണക്കുറ്റം ചുമത്തി നിരപരാധിയായ പാലകനെ വധിച്ചു. ത ൻറെ ഭർത്താവിനെ കൊന്നതിന് പ്രതികാരമായി ദേവി രാജാവിനെയും രാജ്യത്തെയും നശിപ്പിക്കുന്നു. തുടർന്നുണ്ടായ ഭക്തിനിർഭരമായ സംഭവങ്ങൾക്കു ശേഷം അവസാനം കൊടുങ്ങല്ലൂരിൽ കുടിയിരുന്ന് ദേവിയുടെ അവതാരം പൂർത്തിയാക്കി. ഭക്തനും രാജസേവകനുമായ ഒരു കാരണവർ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ പോയി ഭജനമിരുന്ന് ദേവിയെ പ്രത്യക്ഷപ്പെടുത്തി ആനയിച്ച് മണ്ണുകൂട്ടി പീഠമുണ്ടാക്കി പച്ചക്കൊട്ടിൽ കെട്ടി അതിൽ കൊടുങ്ങല്ലൂർ ഭദ്രകാളിയെ കുടിയിരുത്തി ആദരിച്ചു. അതിനാൽ ആണ്ടുകാലങ്ങളിൽ ദേവിയെ ആനയിച്ച് കൊണ്ടുവന്ന് പച്ചക്കൊട്ടിൽ കെട്ടി തോറ്റം പാട്ടും വട്ടിപ്പടുക്കയും നൽകി കുരുതിപൂജയും നടത്തി വരുന്നു. അങ്ങനെ കൊടുങ്ങല്ലൂരമ്മയുടെ ചൈതന്യം കുടികൊളളുന്ന കൂനമ്പായിക്കുളം ക്ഷേത്രം വിശാലമായ മണൽപ്പരപ്പിൽ നാടിന് ഐശ്വര്യവും ശാന്തിയും നൽകി നിലകൊള്ളുന്നു.





കാര്യസിദ്ധി പൂജ

ക്ഷേത്രത്തിലെ ഒരു പ്രധാന പൂജയാണ് എല്ലാ ചൊവ്വാഴ്ചയും രാവിലെ 9.30നു നടക്കുന്ന കാര്യസിദ്ധി പൂജ.തുടർച്ചയായി ഇരുപത്തിയൊന്നാഴ്ച വ്രതശുദ്ധിയോടെ പൂജ നടത്തിയാൽ ഏതാഗ്രഹവും സാധിക്കുമെന്നാണ് വിശ്വാസം .

നീരാജ്ഞന വിളക്ക് എല്ലാ ശനിയാഴ്ചയും വൈകിട്ട് 5.30 ന്.
നാരങ്ങാവിളക്ക് എല്ലാ ഞായറാഴ്ചയും വൈകിട്ട് 4.30 ന്.
ഐശ്വര്യ പൂജ എല്ലാ മാസവും ഉത്രം നാളിൽ.
നാഗപൂജ ആയില്യം നാളിൽ





കുംഭ ഭരണി മഹോത്സവം

കൂനമ്പായിക്കുളം ക്ഷേത്രത്തിൽ ആറാട്ടു മഹോത്സവം കുംഭംമാസത്തിലെ ഭരണി നാളിലാണ്.ഭരണിക്ക് പത്ത് നാൾ മുമ്പെ കൊടിയേറി തോറ്റം പാട്ട് നടത്തുന്നു.പറയ്ക്കെഴുന്നള്ളത്ത്,പള്ളിവേട്ട എന്നിവയുമുണ്ട്. കൊടിയേറിയശേഷം ആദ്യ വെള്ളിയാഴ്ച പുതുമണ്കലങ്ങളിൽ ഭക്തർ സമർപ്പിക്കുന്ന ചന്ദ്രപ്പൊങ്കലും പ്രധാന ചടങ്ങാണ്.ഉത്സവകാലത്ത് സമർപ്പിക്കുന്ന വട്ടിപ്പടുക്ക ദേവിക്ക് ഇഷ്ടവഴിപാടാണ്.

കൊല്ലത്തിൻറെ ചരിത്രമുറങ്ങുന്ന മണ്ണാണിത്.എ.ഡി.825ലാണ് കൊല്ലവർഷം ആരംഭിച്ചത്.അക്കാലത്ത് കൊല്ലം നഗരത്തിന് അടിക്കടി ഉണ്ടാകുമായിരുന്ന ആക്രമണങ്ങളും പ്രകൃതിക്ഷോഭങ്ങളും പരിഹരിക്കുന്നതിനായി ചേരരാജാവായിരുന്ന കുലശേഖരരാജാവിൻറെ സാന്നിദ്ധ്യത്തിൽ ചൈനയിലെയും ലങ്കയിലെയും ഭരണകൂടപ്രതിനിധികളെയും രാജാക്കൻമാരെയും പങ്കെുപ്പിച്ച് ഒരു മഹാജ്യോതിഷ സമ്മേളനം കൊല്ലത്തു പനങ്കാവിൽ (കൂനമ്പായിക്കുളത്ത്) വച്ച് നടന്നു. ആ സമ്മേളനത്തിൽ വച്ച് ദേവീകോപത്തിനു പരിഹാരമായി പനങ്കാവിനു സമീപം ഒരു ശിവക്ഷേത്രം നിർമ്മിക്കുവാൻ തീരുമാനമായി.(ഈ ക്ഷേത്രം അയത്തിൽ ശ്രീ ഇണ്ടിളയപ്പൻ ശങ്കരനാരായണ സ്വാമി ക്ഷേത്രം ആണെന്നു കരുതുന്നു) അങ്ങനെ ക്ഷേത്രനിർമ്മാണം തുടങ്ങിയ എ.ഡി.825 ചൈത്രമാസം ഒന്നാം തീയതിയിൽ ഒരു പുതുവർഷം ആരംഭിക്കുവാനും തീരുമാനിച്ചു.അങ്ങനെ കൊല്ലം പട്ടണത്തിൽ തുടങ്ങിയ പുതുവർഷം കൊല്ലവർഷമായി.എല്ലാവർഷവും മേടം ഒന്നാം തീയതി സൂര്യൻ‍ പനങ്കാവിന് അഥവാ കൂനമ്പായിക്കുളത്തിന് നേർ മുകളിലായി 90° കോണളവിൽ എത്തുന്നത് ഇതു ശരിവയ്ക്കുന്നു.കാലത്തെ അതീജീവിച്ച് മാലോകർക്ക് മംഗളം ചൊരിഞ്ഞ് കൂനമ്പായിക്കുളം ക്ഷേത്രം നിലനിൽക്കുന്നു.





ക്ഷേത്രത്തിൻറെ വിലാസം

വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം,വടക്കേവിള ,കൊല്ലം-10 ,

ഏറ്റവുമടുത്തുള്ള റെയിൽവേ സ്റ്റേഷൻ- ഇരവിപുരം റെയിൽവേ സ്റ്റേഷൻ, 2.5 കി.മീ. അകലെ
അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ- കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ, 5.8 കി.മീ. അകലെ
അടുത്തുള്ള വിമാനത്താവളം- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 62 കി.മീ. അകലെ
അടുത്തുള്ള പട്ടണം- കൊല്ലം പട്ടണം, 6 കി.മീ. അകലെ

Plz like Nammude Kshethrangal page
https://www.facebook.com/nammudekshethrangalndd...