Powered By Blogger

Monday 1 December 2014



MANKOMBU . KUTTANAD, ALAPPUZHA ,KERALA



കേരളത്തിൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ, മങ്കൊമ്പിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ദേവീക്ഷേത്രമാണ്‌ മങ്കൊമ്പ് ശ്രീ ഭഗവതീക്ഷേത്രം. ആലപ്പുഴ -- ചങ്ങനാശ്ശേരി റോഡിൽ (എ. സി. റോഡ്) മങ്കൊമ്പ് ജങ്ഷനിൽനിന്ന് ഏകദേശം 2 കി.മി. വടക്ക് മാറി ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നു. മലയാളനാടിന്റെ പുണ്യമായ പമ്പാനദിയുടെയും മണിമലയാറിന്റേയും സംഗമസ്ഥാനത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെ ദേവിയുടെ ദാരുവിഗ്രഹമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാറോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ക്ഷേത്രത്തിനുമുന്നിൽ സ്വർണ്ണക്കൊടിമരമുണ്ട്. അഞ്ചുനേരമാണ് ഇവിടെ പൂജ. തിരുവിതാംകൂർ ദേവസ്വത്തിനു കീഴിലുള്ള ക്ഷേത്രത്തിന്റെ കാരാണ്മ കുളങ്ങര ഇല്ലക്കാർക്കാണ്. താഴമൺ തന്ത്രികൾക്കാണ് തന്ത്രകർമ്മങ്ങൾക്ക് അധികാരം. ശിവൻ, ഗണപതി, അയ്യപ്പൻ എന്നീ ഉപദേവതകളെയും പ്രതിഷ്ഠിച്ചിരിക്കുന്നു.



തിരുവിതാംകൂർ മഹാരാജാവിന്റെ സ്ഥാനിയായിരുന്ന പവ്വത്തിൽ കൈമൾ വീടുപണിയുന്നതിന് പാലായ്ക്കടുത്തുള്ള മങ്കൊമ്പുമലയിൽനിന്ന് തടിവെട്ടി ചങ്ങാടമാക്കി പമ്പാനദിവഴി ആലപ്പുഴയിലേക്ക്‌ കടത്തിക്കൊണ്ടുപോകെ കൊമ്പ് കരയിലുടക്കിയെന്നും അത് പിന്നീട് ഇളക്കാനായില്ലെന്നും ആ തടിയിൽ ഭഗവതികുടിയിരിക്കുന്നുണ്ടെന്നറിഞ്ഞ് ദേവിക്കുവേണ്ടി ആ സ്ഥലത്ത് ഒരു അമ്പലം പണിതു എന്നുമാണ് ഐതിഹ്യം. മങ്കൊമ്പിലമ്മയുടെ കൂടെ വന്ന ദേവിമാർക്കായി അടുത്ത മറ്റ് രണ്ടിടങ്ങളിലായി കൈമളും നാട്ടുകാരും ക്ഷേത്രം നിർമ്മിച്ചു. വടയാറ്റു ക്ഷേത്രം, കോയിക്കൽ ക്ഷേത്രം എന്നിവയാണവ. മങ്കൊമ്പ് എന്ന സ്ഥലപ്പേർ ഉദ്ഭവിച്ചത് മങ്കൊമ്പിൽനിന്ന് ദേവിയെ കുടിയിരുത്തിയതിനാലാണെന്നും കരയിൽ മാങ്കൊമ്പ് ഉടക്കിയതിനാലാണെന്നും ഒക്കെ പല പക്ഷമുണ്ട്. കോട്ടഭാഗം എന്നാണ് ഈ സ്ഥലത്തിന്‍റെ മറ്റൊരു പേര്.                                                                                                                                                                                      


ദേവിയുടെ പൂജാക്രമങ്ങൾ ഇവിടത്തുകാർക്ക് അറിയാത്തതിനാൽ കോലത്തുനാട്ടിലെ അറയ്ക്കൽനിന്ന് നമ്പൂതിരിയില്ലക്കാരെ പൂജയ്ക്ക് കൊണ്ടുവന്നു. അവർ ക്ഷേത്രക്കുളത്തോടുചേർന്ന് താമസമാക്കുകയും അതിനാൽ കുളങ്ങരെ ഇല്ലക്കാർ എന്ന് പേർ സിദ്ധിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. പിൽക്കാലത്ത് ദൂരദേശങ്ങളിൽനിന്ന് ക്ഷേത്രസംബന്ധമായ ജോലികൾക്കും കച്ചവടത്തിനുമായി ബ്രാഹ്മണർ കുടിയേറുകയുണ്ടായി.

പാലായ്ക്കടുത്ത് മൂന്നിലവ് മങ്കൊമ്പുകാവാണ് മങ്കൊമ്പിലമ്മയുടെ മൂലസ്ഥാനം. ഇവിടെനിന്ന് ദേവിയെ നിരവധി ഇടങ്ങളിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇവയിൽ ദേവിയുടെ സകലരൂപം മൂന്നിടത്തുമാത്രമാണുള്ളത്. അവയിലൊന്ന് കോട്ടഭാഗം മങ്കൊമ്പിലെ ഈ പ്രതിഷ്ഠയാണ്.


മേടമാസത്തിൽ വിഷു മുതൽ പത്തു ദിവസമാണ്‌ ഈ ക്ഷേത്രത്തിലെ ഉൽസവം. കുട്ടനാട്ടിലെ ഏറ്റവും പ്രസിദ്ധമായ ഉത്സവമാണ് മങ്കൊമ്പ് ക്ഷേത്രത്തിലേത്. പത്താമുദയത്തിന് ഗരുഡൻ തൂക്കം നടത്തുന്നു.

                                                       മങ്കൊമ്പിലമ്മ 



വെള്ളാളരുടെ കുലദേവതയാണ് മങ്കൊമ്പിലമ്മ. ഏതാണ്ട്‌ ആയിരം വർഷം മുൻപ്‌ അവർ കൂടെ കൊണ്ടു പോന്ന അവരുടെ കുലദേവതയാണ് മങ്കൊമ്പിലമ്മ. തെങ്കാശിലെ അഞ്ചു ഊരുകാരായിരുന്ന ഇവരെ "അഞ്ഞൂറ്റിക്കാർ" എന്നാൺ വിളിച്ചിരുന്നത്‌ .അവരും ആശ്രിതരും കോട്ടയം ജില്ലയിലെ പാലായ്ക്കു സമീപമുള്ള മൂന്നിലവിൽ കുടിയേറി. കാലക്രമത്തിൽ കുറേപ്പേർ തൊടുപുഴയിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കും മാറിത്താമസ്സിച്ചു.

കുലദേവതയെ നിത്യവും തങ്ങളുടെ വീടുകളിൽ പൂജിക്കയും വർഷത്തിലൊരിക്കൽ 'പത്താമുദയത്തിന്‌" സമുദായം ഒന്നടങ്കം മൂന്നിലവിലെത്തി വിധിപ്രകാരാം പൂജിക്കയും ചെയ്തു പോന്നു. പിൽക്കാലത്തു ഈ പ്രദേശങ്ങളിൽ നിന്നും മറ്റു പ്രദേശങ്ങളിലേക്കു കുടിയേറിയവർ മങ്കൊമ്പിലമ്മയെ കൂടെ കൊണ്ടു പോയതിനാൽ നിരവധി സ്ഥലങ്ങളിൽ മങ്കൊമ്പിലമ്മമാരുണ്ടായി എന്ന് വിശ്വസിക്കപ്പെടുന്നു. ഇതിൽ ഏറ്റവും പ്രസിദ്ധം കുട്ടനാട്ടിലെ മങ്കൊമ്പായതിനാൽ പലരും കുട്ടനാട്ടിൽ മാത്രമേ മങ്കൊമ്പ്‌ ഉള്ളൂ എന്നു കരുതുന്നു.

മഹിഷാസുര മർ‍ദ്ദിനിയായ ശിവമഹാലക്ഷ്മി ആണ് മങ്കൊമ്പിലമ്മ. ദുർഗ്ഗാ സങ്കൽപ്പത്തിൽ ശൈവ ശാക്തേയതന്ത്രങ്ങളുമായി ബന്ധമുണ്ട്‌. ചിലപ്പതികാരത്തിലെ ദുർഗ്ഗയെ അർദ്ധനാരീശ്വര സങ്കൽപ്പത്തിലാൺ അവതരിപ്പിക്കുന്നത്‌. തമിഴ് ഭദ്രകാളി സങ്കൽപ്പത്തിനും കേരളത്തിലെ ശിവസുതയായ ഭദ്രകാളി സങ്കൽപ്പത്തിനും തമ്മിൽ വ്യത്യാസമുണ്ട്‌. മൂന്നിലവ്‌ മങ്കൊമ്പിൽ രൂപമില്ലാത്ത കേവല ശിലാ പ്രതിഷ്ഠയാണ് .പനച്ചിപ്പാറ ശിലാവിഗ്രഹമാണ് .മടുക്കമരത്തണലിൽ.കുട്ടനാട്ടിലെ ദാരുബിംബത്തിൻ ഇതിനോടു സാമ്യമുണ്ട്‌. പനച്ചിപ്പാറ വിഗ്രഹത്തിനു തമിഴ്‌ ശിൽപ ശൈലിയാണ്‌. ഈ ധ്യാന രൂപം താഴെക്കൊടുത്തിരിക്കുന്ന സ്തോത്രത്തിൽ വർണ്ണിക്കപ്പെടുന്നു.

പഴയ തിരുവിതാംകൂർ പ്രദേശത്ത്‌ പാലാ മൂന്നിലവ്‌, തൃക്കാരിയൂരിനടുത്തുള്ള അറക്കുളം, പറപ്പുഴ,തലനാട്‌ (ശ്രീകോവിൽ), പൂഞ്ഞാർ പനച്ചിപ്പാറ, കോട്ടയം കൂരോപ്പട,കുട്ടനാട്‌ മങ്കൊമ്പ്‌ എന്നിങ്ങനെ ൨൬ മങ്കൊമ്പിൽ ക്ഷേത്രങ്ങളുണ്ട്‌ . പാലാ മൂന്നിലവിലേതാണ്‌ മൂലക്ഷേത്രം. കൃഷി, കച്ചവടം, കണക്കെഴുത്ത്‌ ഇവ മൂന്നിലും വിദഗ്ദർ ആയിരുന്ന കുംഭകോണം വെള്ളാളരിൽ കുറേപ്പറ്‍ എന്തോ കാരണത്താൽ തെങ്കാശിയിലെ വള്ളിയൂരിലേക്കും പിന്നീട്‌ അവിടെ നിന്നും തിരുവിതാംകൂറിലെ കിഴക്കൻ മലയോര മേഖലയിലേക്കും കുടിയേറി .

പോത്താകുന്നൊരു ദാനവന്റെ കരവീര്യത്താലമർത്യാവലി
പേർത്തും ഭീതികലർന്നൊളിച്ചു മരുവീടുന്നൊരവസ്താന്തരേ
കൈത്താർ കൊണ്ട്‌ കഴുത്തറുത്ത്‌ തലയും കോർത്തു ശൂലാന്തറെ
കീർത്യാ മേവും ഉമേ, രമേ,വിതര മേ,മങ്കൊമ്പിലമ്മേ ശുഭം.





എത്തിച്ചേരാന്‍ 

ആലപ്പുഴയില്‍ നിന്നും ചങ്ങനാശ്ശേരിയില്‍ നിന്നും കേരള സ്റ്റേറ്റ് ബസ്സ്‌ സര്‍വീസ് ഉണ്ട് . രണ്ടിടത്തുനിന്നും കയറി മങ്കൊമ്പ് jn ഇറങ്ങി 1.5 കി മി വടക്ക് നടക്കുക ക്ഷേത്രത്തില്‍ എത്താം 

No comments:

Post a Comment